ggg

ആലക്കോട്: മാരക മയക്കുമരുന്നുമായി ആദിവാസി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ആലക്കോട് പഞ്ചായത്തിലെ ഫർല്ലോങ്കര ആദിവാസി കോളനിയിലെ കണ്ണാ വീട്ടിൽ കെ.എൻ. സുരാജ് (25) നെയാണ് ആലക്കോട് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എച്ച്. ഷഫീഖും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ 100 ഗ്രാം ഇയാളിൽ നിന്ന് കണ്ടെടുത്തു. ലഹരിമരുന്ന് വിൽപനക്കാരനായ ഇയാളെ കുറച്ചു നാളുകളായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് മലയോരത്ത് എത്തുന്നതത്രെ. ആലക്കോട്, ഫർല്ലോങ്കര, കാപ്പിമല, മഞ്ഞപ്പുല്ല് എന്നിവിടങ്ങളിലാണ് വിൽപ്പന നടത്തിവന്നിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു .നാവിനടിയിൽ വെക്കുന്ന മെത്താംഫിറ്റമിൻ ഒരു തവണ ഉപയോഗിച്ചാൽ രണ്ട് ദിവസത്തേയ്ക്ക് ഇതിന്റെ ലഹരി നിലനിൽക്കുമത്രെ. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടനെ പിടികൂടുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റ്രീവ് ഓഫീസർ പി.ആർ. സജീവ്, സി. ഇ.ഒ.മാരായ പി. പെൻസ്, വി. ധനേഷ്, ടി.വി. മധു എന്നിവരും സംഘത്തിലുണ്ടായിരുന്നു.