gh

തിരുവനന്തപുരം: കൊവിഡിന്റെ ഒന്നാം തരംഗം രൂക്ഷമായതിനെ തുടർന്ന് കൊവി‌ഡ് ചികിത്സയ്ക്ക് മാത്രമാക്കി മാറ്റിയ ജനറൽ ആശുപത്രിയെ പൂർവസ്ഥിതിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ സമീപിച്ചു. 2020 ആഗസ്‌റ്റിലാണ് എല്ലാ സ്‌‌പെഷ്യാലിറ്റികളും നിർത്തിവച്ച് ജനറൽ ആശുപത്രിയെ പൂർണമായും കൊവിഡ് ചികിത്സാകേന്ദ്രമാക്കിയത്. അത്യാഹിതവിഭാഗവും അടച്ചിരുന്നു. ഒന്നാം തരംഗം ശക്തി കുറഞ്ഞപ്പോൾ നേരിയ തോതിൽ കൊവിഡേതര ചികിത്സ തുടങ്ങിയെങ്കിലും പൂർണാതോതിൽ എത്തുന്നതിന് മുമ്പ് രണ്ടാം തരംഗം എത്തിയതോടെ മറ്റ് ചികിത്സകളെല്ലാം നിർത്തിവച്ച് വീണ്ടും കൊവിഡ് ആശുപത്രിയാക്കുകയായിരുന്നു. ഇപ്പോൾ കൊവിഡ് രോഗബാധ താരതമ്യേന കുറഞ്ഞതോടെയാണ് വീണ്ടും അധികൃതർ ജില്ലാമെഡിക്കൽ ഓഫീസറെ സമീപിച്ചത്. ജനറൽ ആശുപത്രിയെ കൂടാതെ പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തെയും കൊവിഡിന് മാത്രമുള്ള ആശുപത്രിയായി മാറ്റിയിരുന്നു.


ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതോ‌ടെ കൊവിഡിതര രോഗികൾ ഏറെ വലഞ്ഞിരുന്നു. പേവിഷബാധയ്ക്ക് കുത്തിവയ്‌പ് എടുക്കാൻ വരുന്നവരും ലഹരി വിമുക്ത കേന്ദ്രത്തിലെത്തുന്നവരുമായിരുന്നു ഏറെ ബുദ്ധിമുട്ടിയിരുന്നത്. ഇത് ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതരുടെ പുതിയ നീക്കം. 15 മുതൽ കൊവിഡിതര രോഗികൾക്ക് ചികിത്സ നൽകണമെന്നാണ് ആശുപത്രി മാനേജ്മെന്റ് മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. കൊവി‌ഡിന് മുമ്പ് പ്രതിദിനം മൂവായിരം പേരാണ് ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ എത്തിയിരുന്നു. 300 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. തുച്ഛമായ ചെലവിൽ ഇവിടെ ലഭിച്ചിരുന്ന ചികിത്സ ഇല്ലാതായതോടെ നിർദ്ധനരായ രോഗികൾക്ക് വൻ തുക ചെലവാക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. നിലവിൽ തെരുവിൽ അനാഥരായി അലഞ്ഞ് തിരിയുന്നവരെയും മറ്റ് പാർപ്പിക്കുന്ന ഒമ്പതാം വാർഡും ഡയലിസിസ് യൂണിറ്റുമാണ് ജനറൽ ആശുപത്രികയിൽ കൊവിഡിതര വിഭാഗമെന്ന നിലയിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. നഗരത്തിൽ സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന രണ്ട് പ്രധാന ആശുപത്രികൾ ജനറൽ ആശുപത്രിയും മെഡിക്കൽ കോളജുമാണ്. ജനറൽ ആശുപത്രിയെ കൊവിഡ് ചികിത്സയ്‌ക്കായി മാറ്റിയപ്പോൾ പേരൂർക്കട,​ ഫോർട്ട് ആശുപത്രികളിലാണ് കൊവിഡിതര രോഗികളെ ചികിത്സിച്ചിരുന്നത്. എന്നാലിവിടെ പരിമിത സൗകര്യങ്ങളേയുള്ളൂ എന്നത് തിരിച്ചടിയായിരുന്നു.

 ഒരുക്കങ്ങൾ വേണ്ടിവരും

കാർഡിയോളജി, യൂറോളജി, ന്യൂറോളജി, നെേഫ്രാളജി, ഇൻ.എൻ.ടി, സൈക്യാട്രി, തുടങ്ങി വിദഗ്ദ ചികിത്സ സൗകര്യങ്ങളെല്ലാമുള്ള ആശുപത്രിയാണ് ജനറൽ ആശുപത്രി. കാത്ത് ലാബ്, ഓപ്പറേഷൻ തിയറ്റർ, സ്‌ട്രോക്ക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന സർജിക്കൽ കോംപ്ലക്സ് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. കോടികൾ വിലവരുന്ന ഉപകരണങ്ങളാണ് ഇവിടെ വെറുതെ കിടന്ന് തുരുമ്പെടുക്കുന്നത്. ഓപ്പറേഷൻ തിയേറ്ററിൽ ഒരു കോടിയോളം രൂപ വിലവരുന്ന ഗാസ്‌ട്രോ എൻഡോസ്‌കോപ്പി ഉപകരണങ്ങൾ ഉപയോഗിക്കാതെ നിശ്ചലമായി കിടക്കുകയാണ്. കാൻസർ ബാധ കണ്ടെത്തുന്നതിന് ഉപയോഗിച്ചിരുന്ന ഇവ ഒന്നര വർഷമായി പ്രവർത്തിക്കുന്നില്ല. കോടികൾ വിലവരുന്ന യൂറോളജി, ലാപ്രോസ്‌കോപ്പിക് ഉപകരണങ്ങളും ഉപയോഗശൂന്യമാണ്. ലക്ഷങ്ങൾ വിലവരുന്ന സ്‌ട്രോക് യൂണിറ്റിലെ ഉപകരണങ്ങളും ഉപയോഗിക്കാതായിട്ട് മാസങ്ങളായി. രക്തം കട്ടപിടിക്കുന്നതും തടയുകയും അലിയിപ്പിക്കുകയും ചെയ്യുന്ന വലിയ വിലയുള്ള മരുന്നുകൾ ഉപയോഗിക്കാനാകാത്തിനെ തുടർന്ന് കാലവധി അവസാനിച്ച് ഉപയോഗശൂന്യമായിട്ടുണ്ട്. അനസ്‌തേഷ്യയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റ് സർജിക്കൽ ഉപകരണങ്ങളും അണുനശീകരണത്തിനുള്ള ഉപകരണങ്ങളും ഉപയോഗിക്കാതിരുന്നാൽ കേടുവന്നിട്ടുണ്ട്. ഓപ്പറേഷൻ തിയേറ്ററിലെ എ.സി സംവിധാനവും തകരാറിലായി. കാർഡിയോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി, ഇൻ.എൻ.ടി, സൈക്യാട്രി, തുടങ്ങി വിദഗ്ദ്ധ ചികിത്സ സൗകര്യങ്ങളെല്ലാമുള്ള ആശുപത്രിയാണ് ജനറൽ ആശുപത്രി. കാത്ത് ലാബ്, ഓപ്പറേഷൻ തിയറ്റർ, സ്‌ട്രോക്ക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന സർജിക്കൽ കോംപ്ലക്സ് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. കോടികൾ വിലവരുന്ന ഉപകരണങ്ങളാണ് ഇവിടെ വെറുതെ കിടന്ന് തുരുമ്പെടുക്കുന്നത്.

ഓപ്പറേഷൻ തിയറ്റർ അടച്ചതോടെ ശസ്ത്രക്രിയയ്‌ക്കായി കാത്തിരുന്ന രോഗികളെ വീടുകളിലേക്ക് മടക്കി അയച്ചിരുന്നു. ഇനി എന്ന് ശസ്ത്രക്രിയ നടക്കുമെന്ന് അന്വേഷിച്ചു കൊണ്ട് ഡോക്ടർമാർക്ക് രോഗികളുടെ ഫോൺവിളികൾ നിരന്തരം ലഭിക്കുന്നുണ്ട്. വ്യക്തമായ മറുപടി നൽകാൻ ഡോക്ടർമാർക്കും കഴിയുന്നില്ല.