ന്യൂഡൽഹി: കേന്ദ്രസർക്കാരിനും പൊതുജനത്തിനും സാമ്പത്തിക മേഖലയ്ക്കും നേരിയ ആശ്വാസം പകർന്ന് ജൂണിൽ റീട്ടെയിൽ നാണയപ്പെരുപ്പം 6.26 ശതമാനത്തിലേക്ക് താഴ്‌ന്നു. റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം മേയിൽ 6.3 ശതമാനമായിരുന്നു. എന്നാൽ, ഭക്ഷ്യവിലപ്പെരുപ്പം 5.01 ശതമാനത്തിൽ നിന്ന് 5.15 ശതമാനത്തിലേക്ക് ഉയർന്നത് ആശങ്കയാണ്.
അതേസമയം, മേയിൽ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) 29.3 ശതമാനം വളർന്നു. 2020 മേയിൽ വളർച്ച നെഗറ്റീവ് 33.4 ശതമാനമായിരുന്നു. സൂചികയിൽ മൂന്നിലൊന്നും പങ്കുവഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖല നെഗറ്റീവ് 37.8 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 34.5 ശതമാനത്തിലേക്ക് വളർന്നത് മേയിൽ നേട്ടമായി.