ഗൊരഖ്‌പൂർ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടിുപോയെന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഞായറാഴ്ച ഉച്ചയ്ക്ക് ഗോരഖ്‌നാഥ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇലാഹിബാഗ് പ്രദേശത്ത് താമസിക്കുന്ന സല്‍മ ഖാത്തൂണ്‍ എന്ന യുവതി മകനെ തട്ടിക്കൊണ്ടുപോയതായി യുവതി അറിയിക്കുകയായിരുന്നു. ചുവന്ന സാരിയുടുത്ത സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ ഒരു എസ് യുവിയില്‍ രക്ഷപ്പെട്ടതായും പൊലീസിനെ അറിയിച്ചു.
വിവരം അറിഞ്ഞെത്തിയ പൊലീസ് അപ്പോള്‍ തന്നെ കുഞ്ഞിനായി അന്വേഷണം തുടങ്ങി. അതിനിടെ അമ്മയുടെ തട്ടിക്കൊണ്ടുപോകല്‍ കഥയില്‍ പൊലീസിന് സംശയം തോന്നിയതോടെ സമീപത്തെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോള്‍ കുഞ്ഞിനെ തട്ടിയെടുത്ത സല്‍മ ഖാത്തൂണ്‍ കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് കൈമാറിയതായി കണ്ടെത്തി. പിന്നാലെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തന്നെ കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ പൊലീസ് കണ്ടെത്തുകയായിരുന്നു.
കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് യുവതി 50000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. അതേസമയം 50,000രൂപയ്ക്ക് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് വാങ്ങിയ സ്ത്രീ അവകാശപ്പെടുന്നത്, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് വ്യാജ പരാതി നൽകിയ യുവതിയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് അറിയാതെയാണ് കുഞ്ഞിനെ വിറ്റതെന്നും അതിനായി തട്ടിക്കൊണ്ടുപോകല്‍ കഥ മെനയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.