ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയ്‌ക്ക് ശേഷം കേന്ദ്ര സർക്കാർ ഇപ്പോൾ മന്ത്രിസഭാ കമ്മിറ്റികളിൽ മാറ്റം വരുത്തുകയാണ്. സ്‌മൃതി ഇറാനി, സർബാനന്ദ സോനാവാൽ തുടങ്ങിയ മന്ത്രിമാരെ ക്യാബിനറ്റ് കമ്മിറ്റികളിൽ പ്രധാനപ്പെട്ട രാഷ്‌ട്രീയകാര്യ പാനലിൽ ഉൾപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കം.
തുറമുഖ വകുപ്പ് മന്ത്രിയാണ് മുൻ ആസാം മുഖ്യമന്ത്രി കൂടിയായ സർബാനന്ദ സോനോവാൾ. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് സ്‌മൃതി ഇറാനി. ഇവർക്കൊപ്പം പരിസ്ഥിതി-തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഭൂപേന്ദർ യാദവിനെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഷ്‌ട്രീയ കാര്യ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.
കേന്ദ്ര മന്ത്രിമാരായ വീരേന്ദ്ര സിംഗ്, കിരൺ റിജ്‌ജു, അനുരാഗ് ധാക്കൂർ എന്നിവർ പാർലമെന്ററി കാര്യ കമ്മിറ്റിയിലെ പുതിയ അംഗങ്ങളായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ സമിതിയുടെ അദ്ധ്യക്ഷൻ.
നിക്ഷേപ വളർച്ചാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പാർലമെന്ററി കമ്മിറ്റിയിൽ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, അശ്വിനി വൈഷ്‌ണവ് എന്നിവർ അംഗങ്ങളായി. തൊഴിൽ നൈപുണ്യ വികസന കമ്മിറ്റിയിൽ ഭൂപേന്ദർ യാദവ്, നാരായൺ റാണെ, ആർജിപി സിംഗ്, കിഷൻ റെഡ്‌ഡി എന്നിവർ അംഗങ്ങളാണ്.
ഭൂപേന്ദർ യാദവ്, സർബാനന്ദ സോനാവാൾ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് എന്നിവർ പ്രധാനപ്പെട്ട രാഷ്‌ട്രീയ കാര്യ കമ്മിറ്റി അംഗങ്ങളായി. സുരക്ഷാ തീരുമാനങ്ങളെടുക്കുന്ന ക്യാബിനറ്റ് കമ്മിറ്റിയിൽ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവരും വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറും അംഗങ്ങളാണ്. മന്ത്രിസഭയിലെ രണ്ടംഗ നിയമന സമിതിയിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഉളളത്.