താൻ സിനിമയിലേക്ക് വരാതിരിക്കാൻ ചിലർ മുട്ടയിൽ കൂടോത്രം ചെയ്തതായി അറിഞ്ഞെന്ന് മുൻ ബിഗ് ബോസ് താരം രജിത് കുമാർ. താൻ സിനിമാ ഫീൽഡിൽ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും ഗായിക അമൃത സുരേഷുമായുള്ള ലൈവ് വിഡിയോ ചാറ്റിനിടെ അദ്ദേഹം വെളിപ്പെടുത്തി.
സിനിമയിൽ നിന്നും പതിനഞ്ചോളം ഓഫറുകൾ വന്നിരുന്നു. മോഹൻലാൽ സർ, ദിലീപേട്ടൻ, വിജയ് ബാബു–ജയസൂര്യ തുടങ്ങിയവർക്കൊപ്പം സിനിമകൾ തീരുമാനിച്ചിരുന്നെങ്കിലും ഇതൊന്നും നടന്നില്ല. അടുത്തിടെയാണ് ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന് കേട്ടത്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീൽഡിലേയ്ക്ക് കയറാൻ പറ്റാത്തതെന്ന് പലരും പറയുന്നതായും രജിത് കുമാർ പറഞ്ഞു.
ഇതിനെ താൻ തള്ളിക്കളയുന്നില്ലെന്നും, എന്നാൽ ഈ പ്രവൃത്തിയിൽ തകരുന്നത് പണി തരുന്നവർ തന്നെയാകുമെന്നും രജിത്കുമാർ അഭിപ്രായപ്പെട്ടു. ഒരാളെ തകർക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.