പാസ്‌വേഡ് എങ്ങനെയെല്ലാം സൂക്ഷിച്ചാലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ചോർത്തിക്കൊണ്ടു പോയി പണം തട്ടുന്ന ഹാക്കർമാരുടെ കാലമാണിത്. പുത്തൻ സാങ്കേതിക വിദ്യകൾ വരുമ്പോൾ അതിനനുസരിച്ച് നമ്മുടെ മൊബൈൽ ഫോണിന്റെ അടക്കം സുരക്ഷാ സംവിധാനങ്ങൾ മാറ്റിയില്ലെങ്കിൽ ഒടുവിൽ വൻ നഷ്ടങ്ങൾ ഉണ്ടായശേഷം മാത്രമായിരിക്കും പലതും നമ്മൾ അറിയിക്കുക. ഗാഡ്ജറ്റുകൾ സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച മാർഗം നല്ല പാസ്‌വേഡുകൾ ഉപയോഗിക്കുക എന്നതാണ്. എന്നാൽ ആ പാസ്‌വേഡുകൾ പോലും ചോർത്താൻ കഴിവുള്ള നിരവധി ഹാക്കർമാർ ഇന്നുണ്ട്.
ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചയ് തന്റെ മൊബൈൽ ഫോൺ അടക്കമുള്ള ഗാഡ്ജറ്റുകൾ ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിനെ കുറിച്ച് ബി ബി സിക്കു നൽകിയ അഭിമുഖത്തിൽ ഈയടുത്ത് സംസാരിച്ചിരുന്നു. പാസ്‌വേഡ് ഉണ്ടെന്നത് കൊണ്ട് മാത്രം ഹാക്കർമാരിൽ നിന്നും വിവരങ്ങൾ ഒളിപ്പിച്ചു വയ്ക്കുവാൻ സാദ്ധ്യമല്ലെന്നും 2 ഫാക്ടർ ആതന്റിക്കേഷൻ ആണ് താൻ ഇതിനു വേണ്ടി ഉപയോഗിക്കുന്നതെന്നും പിച്ചയ് പറഞ്ഞു. പാസ്‌വേഡ് കൂടാതെ രണ്ടാമതൊരു സെക്ക്യൂരിറ്റി സംവിധാനം കൂടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതാണ് 2 വേ ആതന്റിക്കേഷൻ. ഫേസ് ഡിറ്റക്ഷൻ, ഫിംഗർ പ്രിന്റ് ഡിറ്റക്ഷൻ, ഒ ടി പി മുതലായ നിരവധി മാർഗങ്ങളിലൂടെ റ്റൂ വേ ആതന്റിക്കേഷൻ നമുക്ക് സാദ്ധ്യമാകും.
തന്റെ വീട്ടിൽ കുഞ്ഞുങ്ങൾക്ക് യൂട്യൂബ് കാണുന്നതിനോ ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നതിനോ താൻ എതിരല്ലെന്നും ഇതെല്ലാം ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും പിച്ചയ് അഭിപ്രായപ്പെട്ടു.