ലക്നൗ: വൈദ്യുതി കണക്ഷൻ വേണമെന്ന് നിവേദനവുമായി വന്ന നാട്ടുകാരോട് വിചിത്രമായ ആവശ്യമുന്നയിച്ച് ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുളള കത്‌റയിലാണ് സംഭവം. സ്ഥലത്തെ ബിജെപി എംഎൽഎയായ വീർ വിക്രം സിംഗാണ് ബിജെപിക്കാണ് വോട്ട് ചെയ്‌തതെന്ന് തന്റെ മകന്റെ തലയിൽ തൊട്ട് സത്യം ചെയ്‌താൽ വീട്ടിൽ കറന്റ് എത്തിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തത്.
വീർ വിക്രം സിംഗ് ഇങ്ങനെ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഒരു വൃക്ഷ തൈ നടീൽ ചടങ്ങിലെത്തിയപ്പോഴാണ് നാട്ടുകാരുടെ ആവശ്യത്തോട് എംഎൽഎ ഇങ്ങനെ പ്രതികരിച്ചത്.
'ഗംഗാ നദിയെ ചൂണ്ടിക്കാട്ടിയോ എന്റെ സ്വന്തം മകന്റെ തലയിൽ തൊട്ടോ നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്‌തൂ എന്ന് സത്യം ചെയ്യൂ. നിങ്ങളുടെ വീട്ടിൽ ഞാൻ വൈദ്യുതി എത്തിക്കാം.' സിംഗ് പറയുന്നു. തന്നെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും തന്റെ അച്ഛനും ഇവിടെ നാലുവട്ടം എംഎൽഎ ആയയാളാണെവന്നും വീർ വിക്രം സിംഗ് പറഞ്ഞു. നിങ്ങൾ എനിക്ക് വോട്ട് ചെയ്‌ത ശേഷം എനിക്കെതിരെ പരാതി പറയാമായിരുന്നു. ഓരോ ബൂത്തിലും എത്ര വോട്ട് കിട്ടി എന്ന് എനിക്ക് അറിയില്ലെന്നാണോ ധാരണയെന്നും സിംഗ് നാട്ടുകാരോട് ചോദിച്ചു.