കൊൽക്കത്ത: ബംഗ്ളാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജമാഅത്ത ഉൽ മുജാഹിദ്ദീൻ ബംഗ്ളാദേശ്(ജെഎംബി)യുടെ മൂന്ന് പ്രവർത്തകർ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘത്തിന്റെ പിടിയിലായി. കൊൽക്കത്തയിലെ ഹരിദേവ്പൂരിൽ നിന്നാണ് ഇവർ പിടിയിലായത്. പകൽ പഴക്കച്ചവടക്കാരായും കൊതുക് വല വിൽപന നടത്തിയപമാണ് ഇവർ മൂവരും കഴിഞ്ഞിരുന്നത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായുളള അന്വേഷണം കൊൽക്കത്ത പൊലീസ് ഊർജിതമാക്കി. ഈ വർഷമാദ്യമാണ് ഇവർ കൊൽക്കത്തയിലെത്തിയതെന്നാണ് വിവരം. മാത്രമല്ല പത്തോളം പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നുഴഞ്ഞുകയറിയെന്ന ഞെട്ടിക്കുന്ന വിവരവും ഇവരിൽ നിന്ന് പ്രത്യേക ദൗത്യ സംഘത്തിന് ലഭിച്ചു. ഇതോടെ പതിനഞ്ചോളം ജെഎംബി പ്രവർത്തകരാണ് രാജ്യത്ത് നുഴഞ്ഞുകയറിയിരിക്കുന്നത്.
നുഴഞ്ഞു കയറിയവർ ജമ്മു കാശ്‌മീരിലേക്കും ബീഹാറിലേക്കും ഒഡീഷയിലേക്കും പോയതായാണ് സംശയിക്കുന്നത്. കൃത്യമായ വിവരം ലഭ്യമല്ല. മുതിർന്ന ജമാഅത്ത ഉൽ മുജാഹിദ്ദീൻ ബംഗ്ളാദേശ് നേതാവ് അൽ അമീന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ ഭീകരർ ഇന്ത്യയിലെത്തിയതെന്നാണ് വിവരം.
നജിഉർ റഹ്‌മാൻ,റബിഉൾ ഇസ്ളാം, സബീർ എന്നിവരാണ് അറസ്‌റ്റിലായ ഭീകരർ ഇവരെ പതിനാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. അറസ്‌റ്റിലായവരുടെ കൂടുതൽ വിവരങ്ങൾക്കായി ബംഗ്ളാദേശ് പൊലീസുമായി കൊൽക്കത്ത പൊലീസ് ആശയവിനിമയം നടത്തി.
ബംഗ്ളാദേശിലെ ധാക്കയിൽ 17 വിദേശികളുൾപ്പടെ 22 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദികളാണ് ജമാഅത്ത ഉൽ മുജാഹിദ്ദീൻ ബംഗ്ളാദേശ് എന്ന ഭീകര സംഘടന. ഇവർ ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് 2019ൽ എൻഐഎ മുന്നറിയിപ്പ് നൽകിയിരുന്നു.