ഇന്ത്യയുടെ ഇപേയ്‌മെന്റ് ആപ്പ് ഭാരത് ഇന്റർഫേസ് ഫോർ മണി(bhim -ഭീം )ഇന്ന് ഭൂട്ടാനിൽ ലോഞ്ച് ചെയ്യും. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. ക്യാഷ്‌ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ആപ്പ് ആരംഭിച്ചത്.
പണം അയയ്ക്കാം,പണം സ്വീകരിക്കാം,ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താം തുടങ്ങി നിരവധി സേവനങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും.രാജ്യത്തെ വിനോദസഞ്ചാരികൾക്കും, ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെ 'ഭീം' വലിയ സഹായമാണ് ചെയ്യുന്നത്.
റുപേയ്ക്ക് ശേഷം രാജ്യത്ത് ആരംഭിച്ച രണ്ടാമത്തെ പേയ്മെന്റ് ഗേറ്റ് വേയാണ് ഭീം.2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവേളയിൽ ഭൂട്ടാനിൽ റുപേ കാർഡ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ മരുന്നുകളും മറ്റും ഭൂട്ടാനിലേക്ക് അയച്ചിരുന്നു. അസമിലേക്ക് 40 മെട്രിക് ടൺ ദ്രാവക ഓക്‌സിജൻ വിതരണം ചെയ്തുകൊണ്ട് ഭൂട്ടാൻ തിരിച്ചും സഹായിച്ചു.