ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാംതരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിനോദസഞ്ചാരമേഖലയെയും വ്യാപാരത്തെയുമെല്ലാം കൊവിഡ് പ്രതികൂലമായി ബാധിച്ചു എന്നുളളത് സത്യമാണ്. എന്നാല്‍ ഹില്‍ സ്‌റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാംതരംഗം രൂക്ഷമാകുന്നതിന് മുമ്പേ യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നാകരുത് ചിന്തയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അസം, നാഗലാന്‍ഡ്, ത്രിപുര, സിക്കിം, മണിപുര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കൊവിഡ് വകഭേദങ്ങളെ സൂക്ഷ്‌മമായി കരുതിയിരിക്കേണ്ടതുണ്ട്. വിദഗ്‌ദ്ധർ അവയെ കുറിച്ച് പഠിക്കുകയാണ്. കൊവിഡ് സാഹചചര്യം മനസിലാക്കി അതിന് അനുസരിച്ച് പെരുമാറാന്‍ ജനങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ്-ട്രാക്ക് -ട്രീറ്റ് എന്ന 3-ടി ഫോര്‍മുലയുടെ പ്രധാന്യവും മോദി യോഗത്തിൽ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും മൂന്നാംതരംഗം പ്രതിരോധിക്കുകയും വേണം. ഹില്‍ സ്‌റ്റേഷനുകളില്‍ കാണുന്ന ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. ജാഗ്രതയില്‍ അലംഭാവം കാണിക്കരുത്. കൊവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്നതിനാലും വൈറസിന് ജനിതക വ്യതിയാനം അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നതിനാലും മാസ്‌ക് ധരിക്കാതെ ആളുകള്‍ ഹില്‍ സ്റ്റേഷനുകളിലേക്ക് യാത്ര നടത്തുന്നതും മാര്‍ക്കറ്റില്‍ കൂട്ടം കൂടുന്നതും അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.