jeff

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, വാറൻ ബഫറ്റ്, മാർക്ക് സക്കർബർഗ്, ബിൽ ഗേറ്റ്സ് തുടങ്ങിയ ശതകോടീശ്വരൻമാരെ അറിയാത്തവർ ചുരുക്കം. ലോകമെമ്പാടും വേരുകളുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ കുലപതികളാണ് ഇവരിൽ പലരും. അടുത്ത കാലം വരെ ആമസോൺ വെബ്‌സൈറ്റിന്റെ സി.ഇ.ഒ ആയിരുന്നു ജെഫ് ബെസോസ്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനാണ് ബിൽ ഗേറ്റ്സ്.

പണത്തിന്റെയും പ്രശസ്തിയുടെയും പാരമ്യത്തിലാണെങ്കിലും ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ഇവരിൽ പലരും. ആദ്യകാലത്ത് ഇവർ ചെയ്തിരുന്ന ജോലികൾ അറിഞ്ഞാൽ ആരും അന്തംവിട്ടു പോകും. ഈ ശതകോടീശ്വരന്മാരുടെ അദ്യ ജോലികൾ എന്തൊക്കെയാണെന്ന് നോക്കാം...


ജെഫ് ബെസോസ്

ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനും ഈ അടുത്ത കാലം വരെ സി.ഇ.ഒയുമായിരുന്ന ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും പണക്കാരനാണ്. പതിനാറാം വയസ്സിൽ പ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്‌ഡൊണാൾഡ്സിൽ ബർഗർ തയ്യാറാക്കിയാണ് ബെസോസ് കരിയർ ആരംഭിച്ചത്. മണിക്കൂറിന് 2.69 ഡോളറായിരുന്നു അദ്ദേഹത്തിന്റെ വരുമാനം, അതായത് ഏകദേശം 201 രൂപ. എന്നാൽ ബെസോസിനിപ്പോൾ 200 ബില്യൺ ഡോളറിലധികം ആസ്തിയുണ്ട്.


ഇലോൺ മസ്‌ക്

ഇലക്ട്രിക്ക് വാഹന ലോകത്ത് വമ്പൻ മുന്നേറ്റം നടത്തുന്ന ടെസ്‌ല കമ്പനിയുടെ സി.ഇ.ഒ ആയിട്ടാണ് ഇലോൺ മസ്‌ക് അറിയപ്പെടുന്നത്. അതേസമയം,​ 50 വയസുള്ള മസ്‌ക്, അമേരിക്കൻ എയ്റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്സിന്റെ സ്ഥാപകനും ചീഫ് എൻജിനീയറുമാണ്. മാത്രവുമല്ല, ടണൽ നിർമ്മാണ രംഗത്തെ പ്രമുഖ സ്ഥാപനമായ ദി ബോറിംഗ് കമ്പനി സ്ഥാപിച്ചതും ഇലോൺ മസ്‌കാണ്. എക്സ്‌കോം ഓൺലൈൻ ബാങ്ക്, ന്യൂറലിങ്ക്, ഓപ്പൺ എ ഐ, സിപ് 2 എന്നിവയുടെയും അമരക്കാരനായ ഇലോൺ മസ്‌ക് 1983ൽ ഒരു സോഫ്റ്റവെയർ കമ്പനിയിൽ എൻജിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 500 ഡോളർ, ഏകദേശം 37,405 രൂപയായിരുന്നു പ്രതിമാസ ശമ്പളം.


വാറൻ ബഫറ്റ്

'ഒന്നാമത്തെ നിയമം ഒരിക്കലും പണം നഷ്ടപ്പെടുത്തരുത്. രണ്ടാമത്തെ നിയമം ഒന്നാമത്തെ നിയമം ഒരിക്കലും മറക്കരുത്' എന്ന തത്വം ലോകജനതയ്ക്ക് മുമ്പിൽ അവതരിപ്പിച്ച അതിസമ്പന്നനായ നിക്ഷേപകനാണ് വാറൻ ബഫറ്റ്. അദ്ദേഹം നേതൃത്വം നൽകുന്ന ബെർക് ഷെയർ ഹാതവെ കമ്പനിക്ക് ക്രാഫ്റ്റ് ഹെയ്ൻസ് കമ്പനി, അമേരിക്കൻ എക്സ്പ്രസ്സ്, കൊക്കകോള കമ്പനി, ബാങ്ക് ഒഫ് അമേരിക്ക, ആപ്പിൾ തുടങ്ങി നിരവധി കമ്പനികളിൽ നിക്ഷേപങ്ങളുണ്ട്. വർഷണങ്ങൾക്ക് മുൻപ് 'ദി വാഷിംഗ്ടൺ പോസ്റ്റ്' എന്ന പത്രം വിതരണം ചെയ്താണ് വാറൻ ബഫറ്റ് പണം സമ്പാദിക്കാൻ തുടങ്ങിയത്. 175 ഡോളർ, ഏകദേശം 13,​000 രൂപയായിരുന്നു മാസവരുമാനം.


മാർക്ക് സക്കർബർഗ്

ഫേസ്ബുക്കിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമാണ് മാർക്ക് സക്കർബർഗ്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാദ്ധ്യമളെല്ലാം ഫേസ്ബുക്കിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 37 വയസ്സ് മാത്രം പ്രായമുള്ള സക്കർബർഗ് ആദ്യം ജോലി ചെയ്ത് സിനാപ്സ് എന്ന മ്യൂസിക് പ്ലെയർ നിർമ്മാണ കമ്പനിയിലാണ്. 18 വയസ് മാത്രമായിരുന്നു ആന്ന് സക്കർബർഗിന്റെ പ്രായം.

ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ 65കാരനാണ് വില്യം ഹെൻട്രി ഗേറ്റ്സ് III എന്ന ബിൽ ഗേറ്റ്സ്. 1995 മുതൽ 2010 വരെ ലോകത്തിലെ അതിസമ്പന്നൻ എന്ന പട്ടം സ്വന്തമാക്കിയ വ്യക്തിയാണ് ബിൽ ഗേറ്റ്സ്. 2014 വരെ മൈക്രോസോഫ്റ്റിന്റെ ചെയർമാൻ സ്ഥാനത്തും തുടർന്ന് ടെക്നിക്കൽ അഡ്വൈസർ സ്ഥാനത്തും തുടരുന്ന ബിൽ ഗേറ്റ്സ് ഒരിക്കൽ ആർ.ഡബ്ല്യുവിന്റെ കമ്പ്യൂട്ടർ പ്രോഗ്രാമറായി പ്രവർത്തിച്ചിരുന്നു. 15 വയസുള്ളപ്പോഴാണ് ഗേറ്റ്സ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്.