കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ടതോടെ കാവൽ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നതോടെയാണ് ഒലി രാജിവച്ചത്. പാർലമെന്റ് പുനസ്ഥാപിക്കാൻ നേപ്പാളി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. തുടർന്ന് നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദുബ പ്രധാനമന്ത്രിയാകുമെന്നാണ് ലഭ്യമായ വിവരം.
275 അംഗ പാർലമെന്റിൽ 149 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഷേർ ബഹാദൂർ ദുബ മുൻപ് നവംബർ മാസത്തിൽ പ്രസിഡന്റ് ഭണ്ഡാരിയെ അറിയിച്ചിരുന്നു. എന്നാൽ ഒലിയുമായി അടുത്ത സൗഹൃദമുളള പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതി വിധി വന്നതോടെ ഒലി രാജിവയ്‌ക്കുകയായിരുന്നു. പുതിയ പ്രധാനമന്ത്രിയായ ദുബയ്‌ക്ക് 30 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം.