മലയാളിയുടെ ഇഷ്ടഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒരു വിദ്യാസാഗർ ഗാനമെങ്കിലും ഉണ്ടാകും. ഇക്കഴിഞ്ഞ ലോക്ക്ഡൗൺ കാലങ്ങളിൽ മലയാളികൾ ഏറ്റവുമധികം സെർച്ച് ചെയ്തതും ഒരുപക്ഷേ വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ ആയിരിക്കും. അത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങൾ കേരളക്കരയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് വിദ്യാസാഗർ എന്ന സംഗീത മാന്ത്രികൻ.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അദ്ദേഹം. അതും ഗായകൻ ഹരിഹരനൊപ്പം. വാക്കിംഗ് ഇൻ ദി മൂൺ ലൈറ്റ്, ഓ ദിൽറുബാ, സാഹിബാ തുടങ്ങി ഇന്നും മലയാളികൾ കേൾക്കാനാഗ്രഹിക്കുന്ന ഒത്തിരി ഗാനങ്ങൾ കേരളക്കരയ്ക്ക് സമ്മാനിച്ച വിദ്യാസാഗർ - ഹരിഹരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് ദിവാകൃഷ്ണ വി.ജെ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയിലൂടെയാണ്.
മലയാള സിനിമയിൽ തരംഗമായ നിരവധി ഗാനങ്ങൾ രചിച്ച വിനായക് ശശികുമാർ ആണ് ഗാനത്തിന്റെ രചന നിർവ്വഹിക്കുന്നത്.
ഈയിടെ നടന്ന ഒരു ക്ലബ് ഹൗസ് മീറ്റിങ്ങിൽ വെച്ച് വിദ്യാസാഗർ തന്നെയാണ് ഈ പ്രോജക്ട് അനൗൺസ് ചെയ്തത്. കൊവിഡ് പ്രതിസന്ധികൾ മാറിയാൽ ഉടൻ ഷൂട്ടിംഗ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സംവിധായകൻ ലാൽജോസ്, ഗാനരചയിതാവും നിർമ്മാതാവുമായ രാജീവ് ഗോവിന്ദൻ, സംവിധായകൻ ജോണി ആന്റണി, തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു ക്ലബ് ഹൗസിലെ പ്രഖ്യാപനം.
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത് നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ദിവാകൃഷ്ണ വി.ജെ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ശരത് ശിവ. പ്രോഗ്രാമിങ് വിഷ്ണു ശ്യാം. വിദ്യാസാഗർ ഫാൻസ് വാട്‌സ്ആപ്പ് കൂട്ടായ്മയിലെ ജിബി തോമസ്, പോൾവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് വീഡിയോയുടെ പ്രോജക്ട് ഡിസൈനർ സച്ചിൻ എസ് പ്രഭു.
കേരളത്തിന് പുറത്തും ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ മ്യൂസിക് വീഡിയോ കോവിഡ് പ്രതിസന്ധികൾ മാറിയാലുടൻ ചിത്രീകരണം ആരംഭിക്കും.