-public-library-kollam

കൊല്ലം പബ്ളിക് ലൈബ്രറി ആന്റ് റിസർച്ച് സെന്റർ കൊല്ലത്തിന്റെ സാംസ്കാരിക പൈതൃകവും അക്ഷരത്തറവാടുമാണ്. ലൈബ്രറിയോടനുബന്ധിച്ച് ഗവേഷണ കേന്ദ്രം, കുട്ടികളുടെ ലൈബ്രറി, സോപാനം കലാനികേതൻ, സോപാനം ആഡിറ്റോറിയം, രണ്ട് ഹാൾ, ആർട്ട് ഗാലറി, നാടക പഠന കേന്ദ്രം, പുസ്തക പ്രകാശനവേദി തുടങ്ങി അറിവും അക്ഷരവും കലയും സാഹിത്യവും സമ്മേളിക്കുന്ന ഇടം. രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നര വർഷമാകുന്നു. കൊവിഡ് പിടിമുറുക്കിയ 2020 മാർച്ചിൽ അടഞ്ഞതാണ് ഇതിന്റെ വാതായനങ്ങൾ. ലൈബ്രറിയിലെയും റിസർച്ച് സെന്ററിലെയും ആയിരക്കണക്കിന് പുസ്തകങ്ങളും മറ്റു ഗവേഷണ ഗ്രന്ഥങ്ങളും പൊടിയടിച്ച് ചിതലരിക്കുമോ എന്ന ആശങ്കയിലാണ് ഇവിടെ നിന്ന് അക്ഷരസൗഭഗവും അറിവും നുകർന്ന ആയിരങ്ങൾ. എന്നാൽ കൊല്ലത്തെ ചില സാംസ്കാരിക പ്രവർത്തകരുടെ സജീവ ഇടപെടലിനെ തുടർന്ന് ലൈബ്രറി തുറന്നു പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങിയത് അക്ഷരസ്നേഹികൾക്ക് പ്രതീക്ഷയും പ്രത്യാശയും പകർന്നിട്ടുണ്ട്.

ആഗസ്റ്റിൽ തുറക്കും

ലൈബ്രറി തുറക്കുന്നത് സംബന്ധിച്ച് ഹോണററി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഗവേണിംഗ് ബോഡി യോഗത്തിൽ ആഗസ്റ്റ് രണ്ടിന് തുറന്നു പ്രവർത്തിക്കാൻ ധാരണയായിട്ടുണ്ട്. തുറക്കുന്നതിനു മുന്നോടിയായി ലൈബ്രറിയും പരിസര പ്രദേശവും ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്യും. കരിയിലയും കാടും കയറി മൂടിയ ലൈബ്രറി വളപ്പ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വലിയൊരു സാമ്പത്തിക ബാദ്ധ്യതയാണ് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് പ്രധാന തടസം. 20 ഓളം ജീവനക്കാർക്ക് കഴിഞ്ഞ ഒന്നരവർഷമായി ശമ്പളമോ മറ്റാനുകൂല്യങ്ങളോ നൽകിയിട്ടില്ല. ഇതിനായി ധനസമാഹരണം നടത്താൻ ഗവേണിംഗ് ബോഡി യോഗത്തിൽ തീരുമാനിച്ചു. അംഗങ്ങൾ തന്നെ ഇതിനുള്ള ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

'അച്ചാണി" യും ലൈബ്രറിയും

മലയാള സിനിമ ചരിത്രത്തിൽ എക്കാലത്തെയും കളക്ഷൻ റെക്കാഡ് ഭേദിച്ച 'അച്ചാണി" എന്ന സിനിമയുടെ ലാഭം വിനിയോഗിച്ച് നിർമ്മിച്ചതാണ് കൊല്ലം പബ്ളിക് ലൈബ്രറി എന്നതു തന്നെയാണ് ഇതിനെ വേറിട്ടു നിറുത്തുന്നത്. ഒരു പൊതുലൈബ്രറി വേണമെന്ന് കൊല്ലം നിവാസികൾ ആഗ്രഹിച്ച 70 കളിൽ ജനറൽ പിക്ച്ചേഴ്സ് ഉടമയും വ്യവസായിയും സിനിമ നിർമ്മാതാവുമായ കെ.രവീന്ദ്രനാഥൻ നായരാണ് ഇതിനു മുൻകൈയെടുത്തത്. മാധ്യമ പ്രവർത്തകരായ എം. ശ്രീധരനും ദേവാനന്ദും അദ്ദേഹത്തോടൊപ്പം ഇതിനായി പരിശ്രമിച്ചു. രവീന്ദ്രനാഥൻ നായരുടെ ഉടമസ്ഥതയിലുള്ള ജനറൽ പിക്ചേഴ്സ് 'അന്വേഷിച്ചു, കണ്ടെത്തിയില്ല", 'കാട്ടുകുരങ്ങ്", 'ലക്ഷപ്രഭു" എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമ്മിച്ച 'അച്ചാണി" 1974 ലാണ് റിലീസായത്. ചിത്രം വൻ വിജയമായതോടെ ജനറൽ പിക്ചേഴ്സ് രവിക്ക് അച്ചാണി രവി എന്ന ഓമനപ്പേര് കൂടി കൈവന്നു. ചിത്രത്തിന്റെ ലാഭവിഹിതം ലൈബ്രറി നിർമ്മാണത്തിന് നൽകാമെന്ന് രവീന്ദ്രനാഥൻ നായർ ഉറപ്പ് നൽകിയതോടെ കാര്യങ്ങൾ എളുപ്പമായി. അന്നത്തെ ജില്ലാ കളക്ടർ എം. ജോസഫുമായി ചർച്ച ചെയ്ത് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കി. അങ്ങനെ കളക്ഷൻ റെക്കാഡിട്ട സിനിമയുടെ ലാഭം കൊണ്ട് പിറന്ന ലൈബ്രറിയായി കൊല്ലത്തേത്.

അന്ന് എക്സൈസ് ഓഫീസ് സ്ഥിതി ചെയ്ത രണ്ടരഏക്കർ സ്ഥലമാണ് പബ്ളിക്ക് ലൈബ്രറിക്കായി കണ്ടെത്തിയത്. സ്ഥലം അനുവദിക്കാൻ അന്നത്തെ മന്ത്രിമാരായ ടി.കെ ദിവാകരനും ബേബിജോണും നിർണായക പങ്കാണ് വഹിച്ചത്. റവന്യു സെക്രട്ടറിയായിരുന്ന പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂ‌ർ രാമകൃഷ്ണനും സഹായകമായ നിലപാടെടുത്തു. അങ്ങനെ 1979 ജനുവരി 2 ന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് കൊല്ലം പബ്ളിക് ലൈബ്രറി ആന്റ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തത്. . വളർച്ചയുടെ സോപാനങ്ങൾ കയറിയ ലൈബ്രറിയിലെ ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവർത്തനം തുടങ്ങുന്നതിനിടെയാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് ലൈബ്രറി അടഞ്ഞത്. ജില്ലയിൽ കേരള സർവ കലാശാലയുടെ ഗവേഷണ കേന്ദ്രമായി അംഗീകരിച്ച കോളേജുകൾ ഒഴികെയുള്ള ഏക കേന്ദ്രവും ഇവിടമായിരുന്നു.

യഥാർത്ഥത്തിൽ കൊവിഡ് പ്രതിസന്ധിക്ക് മുമ്പേ തന്നെ ലൈബ്രറിയുടെ പ്രവർത്തനം താളം തെറ്റിയിരുന്നു. ഹോണററി സെക്രട്ടറി ആയിരുന്ന രവീന്ദ്രനാഥൻ നായർ അസുഖബാധിതനായതോടെ ഇവിടേക്ക് ശ്രദ്ധിക്കാതായി. അതോടെ ചില തത്പരകക്ഷികൾ ഇതിന്റെ ഭരണത്തിൽ ഇടപെടാൻ തുടങ്ങിയതും പ്രതികൂലമായി. പണം തിരിമറി ആരോപണം പോലും ഉയർന്നു. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാൻ കഴിയാതായി. ഭരണസമിതി പുന: സംഘടിപ്പിച്ചിട്ട് തന്നെ കാലങ്ങളായി. കുറെ പ്രമുഖർ മരണമടയുകയും ചെയ്തു.

സോപാനവും ആർട്ട് ഗാലറിയും

ലൈബ്രറി വളപ്പിൽ എം.വി ദേവൻ രൂപകല്‌പന ചെയ്ത് നിർമ്മിച്ച സോപാനം ആഡിറ്റോറിയം വാസ്തുവിദ്യയിലെ അത്ഭുതം മാത്രമല്ല,​ ഷേക്സ്പീരിയൻ നാടക തിയേറ്ററുകളെ അനുസ്മരിപ്പിക്കുന്നതാണ്. സോപാനം ആഡിറ്റോറിയത്തിലെ വേദി ഉദ്ഘാടനം ചെയ്ത നടൻ മധു പറഞ്ഞത് ഇന്ത്യയിലെ പലയിടത്തും താൻ നാടകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു വേദി കണ്ടിട്ടില്ലെന്നാണ്. ഏത് ഭാഗത്തിരിക്കുന്ന ആസ്വാദകനും സ്റ്റേജിലെ കലാകാരനുമായി നേരിട്ടു സംവദിക്കുന്ന വിധമാണ് ഇവിടത്തെ ഇരിപ്പിടങ്ങളുടെ ക്രമീകരണം. സോപാനം കൂടാതെ സരസ്വതി ഹാൾ,​ സാവിത്രി ഹാൾ എന്നിവിടങ്ങൾ വിവാഹത്തിനും മറ്റു കലാപരിപാടികളുടെ അവതരണത്തിനുമായി വാടകയ്ക്ക് നൽകുന്ന വരുമാനമായിരുന്നു പബ്ളിക് ലൈബ്രറിയിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വിനിയോഗിച്ചിരുന്നത്. കഴിഞ്ഞ ഒന്നരവർഷമായി ഇതെല്ലാം അടഞ്ഞു കിടക്കുകയാണ്.

മൂന്ന് ലക്ഷത്തിലേറെ പുസ്തകങ്ങൾ

മൂന്ന് ലക്ഷത്തിലേറെ പുസ്തകങ്ങളും അരലക്ഷത്തോളം വരിക്കാരുമുണ്ടായിരുന്നു ലൈബ്രറിയിൽ. പ്രതിദിനം പതിനായിരത്തിലേറെപ്പേർ പത്രമാധ്യമങ്ങളും പുസ്തകങ്ങളും വായിക്കാനും ഗവേഷണത്തിനുമായി എത്തുമായിരുന്നു. ആഗസ്റ്റ് രണ്ട് മുതൽ തുറന്നു പ്രവർത്തിപ്പിക്കുന്നതോടെ ലൈബ്രറി സാവകാശം പഴയ പ്രതാപത്തിലേക്കെത്തുമെന്നാണ് അക്ഷരസ്നേഹികളുടെ പ്രതീക്ഷ. കാലങ്ങളുടെ പഴക്കമുള്ള ഭരണസമിതി പുന:സംഘടിപ്പിച്ച് ലൈബ്രറി പ്രവർത്തനത്തോടും പുസ്തകങ്ങളോടും താത്പര്യമുള്ളവരെ ഭാരവാഹികളാക്കണമെന്ന ആവശ്യമാണുയരുന്നത്. പദവികൾ ആലങ്കാരികമാക്കി സാംസ്കാ രിക നായകരാകാൻ കച്ചകെട്ടിയ ചിലർ കടന്നുകയറുന്നതാണ് ഇത്തരം സ്ഥാപനങ്ങളിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കൊല്ലം പബ്ളിക് ലൈബ്രറിയുടെ കുത്തകാവകാശം കൈക്കലാക്കാനും ഭരണസമിതി പിടിച്ചെടുക്കാനും ചിലർ കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. എന്നാൽ കൊല്ലത്തിന്റെ ഈ അക്ഷരത്തറവാടിനോട് ആത്മാർത്ഥതയും കൂറുമുള്ള പുസ്തക സ്നേഹികൾ പുതിയ ഭരണസമിതി ഭാരവാഹികളായി വന്നാൽ പബ്ളിക് ലൈബ്രറിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുപോകാൻ കഴിയുമെന്ന് നിലവിലെ ഭരണസമിതി അംഗം കൂടിയായ കെ.ഭാസ്‌കരൻ പറഞ്ഞു.