amayizhanjan-2

തിരുവനന്തപുരം: മാലിന്യവാഹനിയായ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നതിന് ഒടുവിൽ ഭരണാനുമതിയായി. നേരത്തെ നിശ്ചയിച്ച എസ്‌റ്റിമേറ്റ് തുകയിൽ നിന്ന് 36 ശതമാനം കൂടുതലാണ് ഇപ്പോഴത്തെ എസ്‌റ്റിമേറ്റ്. രണ്ട് വർഷത്തിന് ശേഷമാണ് എസ്‌റ്റിമേറ്റിന് ജലവിഭവ വകുപ്പ് അനുമതി നൽകിയത്.

25 കോടിയുടെ പദ്ധതി

ആമയിഴഞ്ചാൻ തോടിന്റെ ശുദ്ധീകരണത്തിനും നവീകരണത്തിനുമായി ജലവിഭവ വകുപ്പ് സമർപ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. കനാലിന്റെ നവീകരണത്തിനൊപ്പം വശങ്ങളിൽ മതിൽ കെട്ടാനും തീരുമാനിച്ചിട്ടുണ്ട്. ആമയിഴഞ്ചാന്റെ നവീകരണത്തിനായി നിരവധി തവണ ടെണ്ടർ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും തന്നെ മുന്നോട്ട് വന്നിരുന്നില്ല. ഇതോടെയാണ് ഏക ടെണ്ടർ എന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം മേയിലാണ് ആദ്യമായി സർക്കാർ ടെണ്ടർ വിളിച്ചത്. എന്നാൽ, ടെണ്ടർ സമർപ്പിക്കാൻ ആരും തന്നെ മുന്നോട്ട് വന്നില്ല. ഇതോടെ ജൂലായിൽ വീണ്ടും ടെണ്ടർ ക്ഷണിച്ചു. അന്ന് ഒരു കോൺട്രാക്ടർ 24.86 കോടിയുടെ ടെണ്ടർ സമർപ്പിച്ചു. എന്നാൽ, ജലസേചന വകുപ്പ് ചീഫ് എൻജിനിയർ തയ്യാറാക്കിയ റിപ്പോർട്ടിനെക്കാൾ 36.93 ശതമാനം ഉയർന്ന എസ്‌റ്റിമേറ്റ് തുകയായിരുന്നു ഇത്. പലതവണ ചർച്ച നടത്തിയെങ്കിലും ക്വാട്ട് ചെയ്ത തുക കുറയ്ക്കാൻ കോൺട്രാക്ടർ തയ്യാറായില്ല. തുടർന്ന് 2020 ഡിസംബറിൽ വീണ്ടും ടെണ്ടർ ക്ഷണിച്ചു. അന്നും ഇതേ കോൺട്രാക്ടർ ടെണ്ടർ സമർപ്പിച്ചു. ഇത്തവണ 25 കോടിയുടെ ടെണ്ടർ ആയിരുന്നു സമർപ്പിച്ചത്. അതാകട്ടെ എസ്‌റ്റിമേറ്റ് തുകയുടെ 38 ശതമാനം ഉയർന്നത് ആയിരുന്നു. വിലപേശൽ നടത്തിയെങ്കിലും തുക കുറയ്ക്കാൻ കോൺട്രാക്ടർ തയ്യാറായില്ല. എന്നാൽ, പിന്നീട് തുകയിൽ ഒരു ശതമാനം കുറവ് വരുത്താൻ കോൺട്രാക്ടർ തയ്യാറായി.

ടെണ്ടറിൽ ഇവയൊക്കെ...

കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള ഭാഗത്തെ പുനർനിർമ്മാണത്തിനും ചെളി നീക്കുന്നതിനുമുള്ള നടപടികളാണ് ടെണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ തോടുകളിലെ എക്കൽ നീക്കുന്നതിനായി സിൽറ്റ് പുഷർ മെഷീൻ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. മുമ്പ് വെള്ളത്തിൽ ഉപയോഗിക്കാൻ കഴിയുന്ന എസ്‌കവേറ്റർ ഉപയോഗിച്ച് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ തോട്ടിൽ എസ്‌കവേറ്റർ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് കൺസൾട്ടന്റായിരുന്ന ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തി. തുടർന്നാണ് സിൽറ്റ് പുഷർ വാങ്ങുന്നതിന് തീരുമാനമായത്.

രണ്ട് വർഷത്തേക്ക് ഇത് പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. തോട്ടിൽ നിന്ന് ചെളി നീക്കം ചെയ്യുന്നതിനു പുറമേ സംരക്ഷണഭിത്തി കെട്ടുന്നതിനും അതിർത്തി കെട്ടി സംരക്ഷിക്കുന്നതിനും അടക്കം പദ്ധതിയിൽ തുക നീക്കിവയ്ക്കും. കോർപ്പറേഷൻ പരിധിയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തോടുകളിലൊന്നാണ് ആമയിഴഞ്ചാൻ തോട്. കോർപ്പറേഷനിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട തോടുകളെല്ലാം ആമയിഴഞ്ചാൻ തോട്ടിലാണ് വന്നുചേരുന്നത്. ആമയിഴഞ്ചാൻ തോട്ടിലെ പ്രധാന മാലിന്യങ്ങൾ പ്ലാസ്‌റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളുമാണ്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഉയരത്തിൽ സ്ഥാപിച്ച കമ്പിവേലികളിൽ പലതും നശിപ്പിച്ച നിലയിലാണ്.

ആമയിഴഞ്ചാൻ തോട്ടിലെ പ്രധാന മാലിന്യങ്ങൾ പ്ലാസ്റ്റിക്കും ഇറച്ചിയുടെ അവശിഷ്ടങ്ങളുമാണ്. കഴിഞ്ഞ ആഗസ്‌റ്റിൽ തോട് വൃത്തിയാക്കിയപ്പോൾ ലോഡ് കണക്കിന് പ്ലാസ്‌റ്റിക് മാലിന്യവും ചെളിയുമാണ് ഇവിടെ നിന്ന് കോരിമാറ്റിയത്. തോടിന്റെ വശത്തുണ്ടായിരുന്ന മരങ്ങളും മുറിച്ചു നീക്കിയിരുന്നു. മാലിന്യം വലിച്ചെറിയുന്നതു തടയാൻ ഉയരത്തിൽ സ്ഥാപിച്ച കമ്പിവേലികളിൽ പലതും നശിപ്പിച്ച നിലയിലാണ്. തമ്പാനൂർ മസ്ജിദ് മുതൽ കണ്ണമ്മൂല വരെയുള്ള ഭാഗങ്ങൾ വൃത്തിയാക്കാനാണ് തീരുമാനിച്ചത്. മൂന്നു കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. തമ്പാനൂർ മുതൽ പാറ്റൂർ വരെയുള്ള തോടിന്റെ ഭാഗം വൃത്തിയാക്കാൻ ഒരു കോടിയും ബാക്കിയുള്ള കണ്ണമ്മൂല വരെയുള്ള ഭാഗം വൃത്തിയാക്കാൻ രണ്ടു കോടി രൂപയുമാണ് വകയിരുത്തിയത്. തമ്പാനൂർ മസ്ജിദ് മുതൽ പാറ്റൂർ വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ വൃത്തിയാക്കിയത്. തോടിന്റെ സംരക്ഷണഭിത്തിയോട് ചേർന്നു സ്ഥാപിച്ചിരുന്ന വേലികൾ ഇളക്കിമാറ്റിയാണ് ജെ.സി.ബി അടക്കമുള്ള വാഹനങ്ങൾ തോട്ടിലിറക്കി മാലിന്യം നീക്കിയത്. കേരള ജലവകുപ്പിന്റെ ജലശുദ്ധീകരണ പ്ലാന്റിലെ ഒബ്‌സർവേറ്ററി ഹില്ലിൽ നിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിൽ ചേരുന്ന ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്ററാണ് നീളം.

പ്രധാന ചെലവുകൾ

 സ്വിവറേജ് ലൈനുകളുടെ അറ്റകുറ്റപ്പണി - 10.78 കോടി

 തോടിന്റെ വശങ്ങളുടെ സംരക്ഷണ ജോലികൾ - 6.57 കോടി

 ചെളിയും മറ്റ് മാലിന്യങ്ങളും നീക്കുന്നതിന് സിൽറ്റ് പുഷർ - 3 കോടി

 അനുബന്ധ ചെലവുകൾ - 5 കോടി