ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്ഥാൻ ഹാക്കർമാർ ശ്രമം നടത്തിയതായി കണ്ടെത്തി. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൂമൻ ടെക്നോളജീസിന്റെ സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന വിഭാഗമായ ബ്ളാക്ക് ലോട്ടസ് ലാബ് ആണ് കണ്ടെത്തലുമായി വന്നിരിക്കുന്നത്. ദൂരെ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ട്രോജൻ വൈറസിനെ ഹാക്കർമാർ ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്ന് ബ്ളാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റ് മൈക്കൽ ബെഞ്ചമിൻ ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ട്രോജൻ വൈറസുകൾ കമ്പ്യൂട്ടറുകളിൽ വ്യാപകമാണെങ്കിലും റാറ്റ് (റിമോട്ട് അക്സസ് ട്രോജൻ) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഇത്തരം വൈറസുകൾ അധികം കണ്ടെത്തിയിട്ടില്ല. രാജ്യത്തിനു വെളിയിൽ ഇരുന്നു കൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാൻ ഇത്തരം വൈറസുകളിലൂടെ സാധിക്കുമെന്നത് സംഭവത്തെ ഗുരുതരമാക്കുന്നു.
പാകിസ്ഥാനിൽ ഇരുന്ന് കൊണ്ട് ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ട്രോജൻ വൈറസിനെ കമ്പനി വെബ്സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയതായി ബെഞ്ചമിൻ പറഞ്ഞു.
മാത്രമല്ല ഹാക്കർമാർക്ക് ചൈനയുടെ സഹായം ലഭിച്ചിരിക്കാൻ സാദ്ധ്യതയുള്ളതായി സംശയിക്കപ്പെടുന്നുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ച പാകിസ്ഥാൻ നെറ്റ്‌വർക്കായ സോങ്ങ് 4 ജി, ചൈനയിലെ മൊബൈൽ നെറ്റ്‌വർക്കായ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. ഇതാണ് ചൈനയ്ക്ക് ഈ സംഭവത്തിലുള്ള പങ്കിനെകുറിച്ച് സംശയങ്ങൾ ബലപ്പെടുത്തുന്നത്.