edamalakkudy

ഇടുക്കി: രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇടമലക്കുടി പ‍ഞ്ചായത്തിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ എത്തിയിരുന്നു. ഇവരിൽ നിന്നാകാം രോ​ഗബാധയെന്നാണ് പ്രാഥമിക നി​ഗമനം.

ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് 40 വയസുകാരിയായ വീട്ടമ്മയ്‌ക്ക് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടാഴ്‌ച മുമ്പ് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗര്‍ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എം പിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്നായിരുന്നു വിമർശനം. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.