നാസിക്: വിവാഹം കഴിക്കുന്ന വധുവിന്റെയോ വരന്റെയോ കുടുംബത്തിന് യാതൊരു പരാതിയുമില്ല. എന്നിട്ടും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ക്ഷണക്കത്ത് കണ്ട് ആരോപണമുന്നയിക്കുകയാണ് ജനം. മഹാരാഷ്‌ട്രയിൽ നാസിക്കിൽ നടന്ന ഒരു വിവാഹത്തിന്റെ ക്ഷണക്കത്താണ് വിവാദമായത്.
സംഭവം ഇങ്ങനെ മുൻപ് തന്നെ രജിസ്‌റ്റർ വിവാഹം കഴിഞ്ഞ 28 വയസുകാരി രസികയുടെയും സഹപാഠിയായ ആസിഫ് ഖാന്റെയും വിവാഹം ഹിന്ദു ആചാരപ്രകാരം നടത്തണമെന്ന് രസികയുടെ അച്ഛൻ പ്രസാദ് അദ്ഗവൊൻകറിന് ഒരു ആഗ്രഹം തോന്നി. ജൂലായ് 18ന് നാസികിലെ ഒരു ഹോട്ടലിൽ വിവാഹം നടക്കുമെന്ന് സൂചിപ്പിച്ച് പ്രസാദ് കല്യാണ കാർഡ് തയ്യാറാക്കി സമൂഹമാദ്ധ്യമത്തിൽ തന്റെ ബന്ധുക്കളോട് പങ്കുവച്ചു.
ഈ കല്യാണ കാർഡ് വൈറലായതോടെ വിവാഹം 'ലൗ ജിഹാദ്' ആണെന്ന വാദവുമായി ഒരുപറ്റം ആളുകൾ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചു. വിവാഹം റദ്ദാക്കണമെന്ന് വരെ പ്രസാദിന് സമ്മർദ്ദമുണ്ടായി. പ്രസാദ് വിവാഹ ചടങ്ങ് ഉപേക്ഷിച്ചതായി കാട്ടി ഒടുവിൽ കത്ത് പ്രസിദ്ധീകരിച്ചു.
രസികയുടെയും ആസിഫിന്റെയും കുടുംബങ്ങൾ വർഷങ്ങളായി പരസ്‌പരം അറിയുന്നതാണ്. അംഗവൈകല്യമുളള രസികയും ആസിഫും ഒരുമിച്ച് പഠിച്ചവരുമാണ്. വിവാഹിതരാകാനുളള ഇരുവരുടെയും തീരുമാനത്തോട് കുടുംബാംഗങ്ങൾക്ക് അതുകൊണ്ടുതന്നെ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം ഇരുകുടുംബങ്ങളും പ്രതികരണമൊന്നും നടത്തിയിട്ടില്ല.