vijay

ചെന്നൈ: ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് ആഡംബര കാറിന് നികുതിയിളവ് തേടിയ തമിഴ് സൂപ്പർ സ്റ്റാർ വിജയിന് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തുക മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാഴ്ചയ്‌ക്കകം അടയ്ക്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യൻ നിർദ്ദേശിച്ചു. 2012ൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത കാറിന് പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്.

എന്നാൽ സിനിമയിലെ സൂപ്പർ ഹീറോ വെറും 'റീൽ ഹീറോ" ആയി മാറരുതെന്ന് കോടതി വിമർശിച്ചു. കൃത്യമായി നികുതിയടച്ച് മാതൃകയാകണം. നികുതി വെട്ടിപ്പ് ഒരിക്കലും അംഗീകരിക്കാനാവില്ല. തന്റെ സിനിമ കാണാൻ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓർക്കണമായിരുന്നു. സാധാരണക്കാർ നികുതി അടയ്ക്കാനും നിയമമനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോൾ സമൂഹത്തിൽ അറിയപ്പെടുന്നവരുടെ ഇത്തരം പ്രവണതകൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു.