കോട്ടയം: ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്‌ക്ക് അന്ത്യാഞ്ജലി. അദ്ദേഹത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകൾ കോട്ടയം ദേവലോകം അരമനയിൽ നടന്നു. കർശന കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചരമശുശ്രൂഷയില്‍ 300 പേരാണ് പങ്കെടുത്തത്.
ബാവയെ അവസാനമായി കാണാനായി ആയിരങ്ങളാണ് ഇന്നും രാവിലെ മുതൽ ഒഴുകിയെത്തിയത്. കോട്ടയം നഗരത്തിലാകെ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരം മൂന്ന് മണിയ്‌ക്കാണ് സംസ്‌ക്കാരം നിശ്‌ചയിച്ചിരുന്നതെങ്കിലും അനുശോചന പ്രവാഹം കാരണം ചടങ്ങുകൾ നീളുകയായിരുന്നു. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 40 ദിവസം വിശുദ്ധ കുർബാന നടക്കുന്നതായിരിക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.