തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കടകളും വ്യാപാര സ്ഥാപനങ്ങളും കുറഞ്ഞ സമയം മാത്രം തുറന്നിരിക്കുമ്പോൾ ആൾക്കൂട്ടമുണ്ടാകും. അതിനാൽ കൂടുതൽ സമയം തുറന്നിരിക്കുന്ന രീതിയാകണം വേണ്ടതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെടുന്നത്.
പരിശോധനാ രീതിയിലും മാറ്റങ്ങൾ വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. കമ്മ്യൂണിറ്റി ടെസ്‌റ്റിംഗ് രോഗികളെ കണ്ടെത്തുന്ന തരമല്ല. കോൺട്രാക്‌ട് ടെസ്‌റ്റിംഗാണ് വേണ്ടത്. ഹോം ഐസൊലേഷൻ ആദ്യഘട്ടത്തിൽ ഫലപ്രദമായിരുന്നെങ്കിൽ ഇപ്പോഴത് പരാജയപ്പെട്ട അവസ്ഥയിലാണ്. ഐസൊലേഷനിൽ ആളുളളപ്പോൾ തന്നെ വീട്ടിലെല്ലാവക്കും കൊവിഡ് പോസിറ്റീവാകുന്ന അവസ്ഥയിസലാണ്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാർപ്പിച്ചാൽ മാത്രമേ വീടുകളിലെ ക്ലസ്റ്റർ ഫോർമേഷനും രൂക്ഷ വ്യാപനവും തടയാൻ സാധിക്കുകയുള്ളൂ.
കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വർഷം കൂടെ തുടർന്നു പോകും.ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ വേണം.കൂട്ടം ചേരലുകൾ കർശനമായി നിയന്ത്രിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങളും മറ്റു മേഖലകളിലെ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണം.
ജനങ്ങളെ രക്ഷിക്കുന്ന ചുമതലയിൽനിന്ന് കേന്ദ്രസംസ്ഥാന സർക്കാരുകൾ പുറകോട്ട് പോയതായി പറയുന്ന ഐ.എം.എ അടിയന്തരമായി വാക്സിൻ ലഭ്യമാക്കി വാക്സിനേഷൻ ത്വരിതപ്പെടുത്തിയില്ലെങ്കിൽ അടുത്ത തരംഗവും വൻ നാശം വിതയ്ക്കും എന്ന് മുന്നറിയിപ്പ് നൽകുന്നു.
സീറോ സർവൈലൻസ് സർവെ നടത്തേണ്ടത് അത്യാവശ്യമാണ്. ജനങ്ങളിൽ 30 ശതമാനത്തിന് മാത്രമേ രോഗപ്രതിരോധ ശക്തി വന്നിട്ടുളളൂ. ബാക്കി 70 ശതമാനത്തിനും രോഗം ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഇവരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. 80 ശതമാനമ പേരെങ്കിലും പ്രതിരോധ ശേഷി ആർജ്ജിച്ചാലേ മഹാമാരി അവസാനിക്കൂവെന്നും ഐഎംഎ ഓർമ്മിപ്പിക്കുന്നു. വാക്‌സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ചെയ്യണമെന്നും ഐഎംഎ അറിയിച്ചു.