thaliban

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഭരണമുറപ്പിക്കാൻ ശ്രമിക്കുന്ന താലിബാന്റെ കാെടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. കീഴടങ്ങിയ നിരായുധരായ 22 സൈനികരെ ക്രൂര‌മായി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെരുവിൽ വച്ച് പരസ്യമായാണ് വെടിവച്ചും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചും കൂട്ടക്കൊല നടത്തിയത്.

ഫരിയാബ് പ്രവിശ്യയിലാണ് സംഭവം നടന്നത്. തോക്കുകളുമായി നടക്കുന്ന താലിബാൻ കാരെയും വീഡിയോയിൽ കാണാം. പൊടുന്നനെ "കീഴടങ്ങുക, കമാൻഡോകൾ, കീഴടങ്ങുക" എന്നുള്ള അലർച്ചകേൾക്കാം. തുടർന്ന് കാണുന്നത് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്ന് നിരായുധരായ സൈനികർ പുറത്തിറങ്ങുന്നതാണ്. ഇവർ തെരുവിൽ നിരന്നുനിന്നതോടെ താലിബാൻകാർ തുരുതുരെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെ സ്ഫോടന ശബ്ദവും കേൾക്കാം. സെക്കൻഡുകൾ കഴിയുമ്പോൾ സൈനികരെല്ലാം നിലത്ത് മരിച്ചുവീണുകിടക്കുന്നതാണ് കാണുന്നത്. കഴിഞ്ഞമാസം പതിനാറിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോർട്ട്.

എന്നാൽ വീഡിയോ വ്യാജമാണെന്നാണ് താലിബാൻ പറയുന്നത്. കീഴടങ്ങരുതെന്ന് സൈനികരെയും ആൾക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടത്തിയ പ്രചാരണമാണെന്നാണ് അവർ പറയുന്നത്.

അതേസമയം അഫ്‌ഗാനിസ്ഥാനിൽ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. നാലുജില്ലകളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. താലിബാൻ ആക്രമണം ഭയന്ന് സൈന്യം ചിലയിടങ്ങളിൽ നിന്ന് പിൻവാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.