court

ന്യൂഡൽഹി: സംസ്ഥാനത്തെ എയ്‌ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് എന്‍ ഒ സി നല്‍കില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം ബിരുദതലത്തിൽ സ്വാശ്രയ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകുമെന്നും ഇതുസംബന്ധിച്ച് നയപരമായ തീരുമാനം എടുത്തതായും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എയ്‌ഡഡ് കോളേജുകളില്‍ ബിരുദ, ബിരുദാന്തര തലങ്ങളില്‍ സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കുന്നതിന് എതിരെ സമർപ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.

അണ്‍എയ്‌ഡഡ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ ആണ് സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കുന്നതിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ശമ്പളംപറ്റുന്ന അദ്ധ്യാപകരാണ് ചില എയ്‌ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ പഠിപ്പിക്കുന്നത് എന്ന് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.