കോഴിക്കോട്: കൊയിലാണ്ടിയിൽ ഗൾഫിൽ നിന്നെത്തിയ യുവാവിനെ വീട്ടിലെത്തിയ അജ്ഞാതസംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ഊരള്ളൂർ മതോത്ത് മീത്തൽ അഷറഫിനെയാണ് രാവിലെ 6.30ഓടെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം ആദ്യം അഷറഫിന്റെ അനുജന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. പിന്നീടാണ് അഷറഫിനെ കണ്ടത്. തുടർന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. അനുജന്റെ മൊബൈൽ ഫോണും തട്ടിയെടുത്തു.
സൗദിയിലെ റിയാദിൽ ഡ്രൈവറായിരുന്ന മേയ് 25നാണ് നാട്ടിലെത്തിയത്. ഗൾഫിൽ നിന്ന് വന്നതിന്ശേഷം ചില ആൾക്കാർ ഊരള്ളൂർ പ്രദേശത്ത് എത്തി അഷറഫുമായി സംസാരിച്ചതായി നാട്ടുകാർ പറഞ്ഞു. ആ സംഘം തന്നെയായിരിക്കാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും കരുതുന്നു. ഇയാളുടെ കൈവശം സ്വർണം ഉണ്ടായിരുന്നതായും അത് കൊടുക്കാത്തതാണ് തട്ടിക്കൊണ്ടു പോകാൻ കാരണമെന്നും പറയുന്നു. അഷറഫ് സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർ ആണന്നാണ് പൊലീസിന്റെ ബലമായ സംശയം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നാട്ടിൽ വച്ച് സ്വകാര്യമായി മദ്ധ്യസ്ഥ ശ്രമം നടന്നതായും പറയപ്പെടുന്നുണ്ട്. സമീപത്തെ സി.സി.ടി.വി.കൾ പൊലീസ് പരിശോധിക്കുകയാണ്.