ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖെെബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പാക് സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ക്യാപ്റ്റൻ അടക്കം 12 സെെനികർ കൊല്ലപ്പെട്ടു. മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ ജനങ്ങളെ തീവ്രവാദികൾ ബന്ധികളാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്.
അബ്ദുൾ ബാസസിത് എന്ന ക്യാപ്റ്റനാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖുറാം മേഖലയിൽ ക്യാപ്റ്റൻ ബാസിത് സെെനിക ഓപ്പറേഷന് നേതൃത്വം നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ പതിനഞ്ചോളം സെെനികർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഓപ്പറേഷൻ നടത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ആറ് ടെലികോം തൊഴിലാളികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി ഇന്റർ- സർവീസസ് പബ്ലിക് റിലേഷൻസിനെ (ഐ.എസ്.പി.ആർ) ഉദ്ധരിച്ച് പാകിസ്ഥാൻ ന്യൂസ് ചാനലായ ജിയോ ടി.വി റിപ്പോർട്ട് ചെയ്തു. സെെന്യവുമായുളള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.