remdesivir

ഓസ്ലൊ: നോർവെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് രോ​ഗികളിൽ റെംഡിസിവിർ, ഹെെഡ്രോക്സി ക്ലോറോക്വിൻ (എച്ച്.സി.ക്യു) മരുന്നുകൾ ആന്റിവെെറൽ പ്രവർത്തനങ്ങൾ ഒന്നും കാണിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഓസ്‌ലോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരും സഹപ്രവർത്തകരും നോർ‌വേയിലെ 23 ആശുപത്രികളിലായി പ്രവേശിപ്പിച്ച 181 രോഗികൾക്ക് റെംഡെസിവിർ, എച്ച്.സി.ക്യു മരുന്നുകൾ നൽകിയിരുന്നു. ഇവ രോ​ഗികളിൽ ഉണ്ടാക്കിയ ഫലങ്ങൾ വിലയിരുത്തിയതിൽ നിന്നുമാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.

ഇതുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിവരങ്ങൾ അന്നൽസ് ഒഫ് ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരിൽ റെംഡെസിവിർ, എച്ച്.സി.ക്യു മരുന്നുകൾ വെെറൽ ക്ലിയറൻസിനെ ബാധിച്ചിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇവ ശ്വാസകോശ സംബന്ധമായ തകരാറിനെയോ വീക്കത്തെയോ സ്വാധീനിക്കുന്നില്ലെന്നും ഗവേഷകർ കണ്ടെത്തി. പഠനത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഇരു മരുന്നുകളുടെയും ആന്റിവെെറൽ സാദ്ധ്യതയെ ​ഗവേഷകർ ചോദ്യം ചെയ്യുന്നു.

മലേറിയ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി എച്ച്.സി.ക്യു ഉപയോ​ഗിക്കുമ്പോൾ റെംഡിസിവിർ ആന്റിവെെറൽ മരുന്നായാണ് വിൽക്കുന്നത്. ഇന്ത്യയിലടക്കം കൊവിഡ് ചികിത്സയ്ക്ക് റെംഡെസിവിറും എച്ച്.സി.ക്യു മരുന്നുകൾ ഉപയോഗിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ഇരു മരുന്നുകൾക്കും ക്ഷാമം നേരിടുകയും കരിഞ്ചന്തയിൽ ഇവയുടെ വിൽപ്പന ഉയരുകയും ചെയ്തു. ലോകാരോഗ്യ സംഘടനയടക്കം കൊവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോ​ഗിക്കുന്നതിനെതിരെ നേരത്തെ രം​ഗത്ത് എത്തിയിരുന്നു. ഇവ കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നപ്പോഴും ഇവ പരീക്ഷണാടിസ്ഥാനത്തിൽ രോ​ഗികൾക്ക് നൽകിയിട്ടുണ്ട്.