kolkata-special-task-forc

കൊൽക്കത്ത: ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജമാഅത്ത് ഉൾ മുജാഹിദീനിൽ പെട്ട 15ഓളം ഭീകരർ രാജ്യത്ത് നുഴഞ്ഞു കയറിയതായി കൊൽക്കത്ത സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്ന് മൂന്ന് ഭീകരരെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്ത് വന്നത്.
ബംഗ്ലാദേശിൽ നിന്ന് പശ്ചിമബംഗാൾ വഴിയാണ് ഭീകരർ നുഴഞ്ഞു കയറിയത്. പത്തോളം ഭീകരർ ജമ്മു കാശ്‌മീർ അടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയി. രണ്ടുപേർ ഇപ്പോഴും പശ്ചിമ ബംഗാളിൽ ഉണ്ട്.
പശ്ചിമ ബംഗാളിലുള്ള ഷെയ്ഖ് സക്കീൽ, സലീം മുൻഷി എന്നിവർക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർക്ക് വേണ്ടി ആധാർ കാർഡ്, താമസം തുടങ്ങിയ സൗകര്യങ്ങൾ ചെയ്ത് കൊടുത്തത് സക്കീൽ ആണ്. ജമാഅത്ത് ഉൾ മുജാഹിദീൻ തലവൻ അൽ അമീന്റെ നിർദേശപ്രകാരമാണ് ഇവർ രാജ്യത്ത് എത്തിയതെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി.
അറസ്റ്റിലായ നാജി ഉ റഹ്മാൻ, റബി ഉൽ ഇസ്ലാം, സാബിർ എന്നീ ഭീകരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പഴങ്ങൾ, കൊതുകു വലകൾ വിൽക്കുന്നവരായിട്ടായിരുന്നു ഇവർ വെസ്റ്റ് ബംഗാളിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പറഞ്ഞു.
2016ൽ ധാക്കയിലെ കഫെയിൽ വെച്ച് നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ജമാഅത്ത് ഉൾ മുജാഹിദീൻ ആയിരുന്നു. ആക്രമണത്തിൽ 17 വിദേശികൾ ഉൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.