vd

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മനസിലാക്കി കളിച്ചാൽ മതിയെന്ന പ്രസ്താവന വ്യാപാരികളോടും ജനങ്ങളോടുമുള്ള മുന്നറിയിപ്പാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. 'ധിക്കാരം നിറഞ്ഞ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ല. മനുഷ്യൻ കടക്കെണിയിൽ നിൽക്കുമ്പോൾ വിരട്ടാൻ നോക്കരുത്.ഇത് കേരളമാണെന്ന് ഓർക്കണം-അദ്ദേഹം പറഞ്ഞു.

വാപാരികളുടെ വികാരം മനസിലാക്കുന്നു. അവരോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവർ മറ്റൊരു രീതിയിലേക്ക് പോകരുത്, അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

രോഗം വരാത്തവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായങ്ങൾ കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കിൽ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്. ഡി കാറ്റഗറിയിൽ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ സിയിലേക്ക് പോയി. എന്നാൽ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകൾ അലസതയോടെ ഉപയോഗിച്ചപ്പോൾ അവിടെ രോഗവ്യാപനം കൂടിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.