തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. ഒരു സംസ്ഥാന മുഖ്യമന്ത്രി, കടയടച്ച് ലോൺ അടയ്ക്കാൻ നിവൃത്തിയില്ലാതെ കടം കേറി മുടിയുന്ന വ്യാപാരികളോട് പറയുന്ന വാക്കാണ്. ജോസഫൈൻമാരെ വീട്ടിലിരുത്തിക്കാൻ ഇടതു പ്രൊഫൈലുകൾ നന്നായി പണിയെടുക്കും. പക്ഷേ പിണറായി വിജയനെതിരെ ഒരക്ഷരം മിണ്ടില്ല. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സി.പി.എം എം.പി ഇപ്പോൾ മുഖ്യമന്ത്രിക്ക് കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടത്രെ! ഇടത് എം.പിക്ക് പോലും ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലല്ലോ എന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
"നേരിടേണ്ട രീതിയിൽ നേരിടും, അതു മനസ്സിലാക്കി കളിച്ചാൽ മതി"
ഒരു സംസ്ഥാന മുഖ്യമന്ത്രി, കടയടച്ച് ലോൺ അടയ്ക്കാൻ നിവൃത്തിയില്ലാതെ കടം കേറി മുടിയുന്ന വ്യാപാരികളോട് പറയുന്ന വാക്കാണ്. ജോസഫൈൻമാരെ വീട്ടിലിരുത്തിക്കാൻ ഇടതു പ്രൊഫൈലുകൾ നന്നായി പണിയെടുക്കും പക്ഷേ പിണറായി വിജയനെതിരെ ഒരക്ഷരം മിണ്ടില്ല. സഹാനുഭൂതി, തന്മയിഭാവം എന്നീ ഗുണമില്ലാത്ത ഭരണാധികാരികൾ അഭിനവ നീറോമാരാണ്. കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സിപിഐഎം എംപി ഇപ്പോൾ മുഖ്യമന്ത്രിക്ക് കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടത്രെ! ഇടത് എം പിക്ക് പോലും ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലല്ലോ!
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ലോക്സഭാ എം.പി എ.എം. ആരിഫ് ഇന്ന് കത്തയച്ചിരുന്നു. രണ്ടര മാസത്തിൽ അധികമായി കടകൾ വല്ലപ്പോഴുമാണ് തുറക്കാൻ സാധിക്കുന്നത്. നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. ആയതിനാൽ സാഹചര്യം സമഗ്രമായി വിലയിരുത്തി കടകൾ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആരിഫ് കത്തിൽ ആവശ്യപ്പെട്ടിരുന്നു.