ഇടുക്കി: ഇടമലക്കുടിയിൽ കൊവിഡ് പരത്തിയത് ഡീൻ കുര്യാക്കോസ് എംപിയും താനുമാണെന്ന പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് വ്‌ളോഗർ സുജിത് ഭക്തൻ. ഇടമലക്കുടിയിൽ പോയ സംഘത്തിലെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും, രണ്ടാഴ്ചയ്ക്ക് മുൻപാണ് അവിടെ പോയതെന്നും അദ്ദേഹം പറഞ്ഞു.
ഇടമലക്കുടിയിൽ പോകുന്നതിന് മുൻപ് കൊവിഡ് പരിശോധന നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'ക്ഷണിക്കപ്പെട്ട അതിഥി എന്ന നിലയിലാണ് അവിടേക്ക് പോയത്.എംപി വിളിക്കുമ്പോൾ നമുക്ക് പോകാതിരിക്കാൻ പറ്റില്ല. അദ്ദേഹത്തിനൊപ്പമാണ് പോയത്.' -സുജിത് ഭക്തൻ പറഞ്ഞു.
ഇടമലക്കുടിയിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പുറംലോകത്തെ അറിയിച്ചതാണ് വിവാദങ്ങൾക്ക് കാരണം. തങ്ങൾ മാത്രമല്ല അവിടെ പോയത്. ഉദ്യോഗസ്ഥർ ഉൾപ്പടെ പലരും അവിടെ പോകുന്നുണ്ടെന്ന് സുജിത് ഭക്തൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇടമലക്കുടിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചിരുന്നതിനാൽ ഒരാൾക്കു പോലും രോഗം ബാധിക്കാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്തായിരുന്നു ഇടമലക്കുടി. രണ്ടാഴ്ച മുൻപ് പഞ്ചായത്തിൽ ഡീൻ കുര്യാക്കോസ് എംപിയും സുജിത്ത് ഭക്തനും നടത്തിയ സന്ദർശനം വിവാദമായിരുന്നു.