arif-muhammadh-khan

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായൊരു ഗവർണർ ഇന്ന് ഉപവാസമിരിക്കുകയാണ്. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും സ്‌ത്രീധനത്തിനുമെതിരെ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസ സമരം രാഷ്‌ട്രീയ കേരളത്തിലെ ചൂടുപിടിച്ച ചർച്ചയായി മാറികഴിഞ്ഞു. ഗാന്ധി സ്‌മാരകനിധിയും വിവിധ ഗാന്ധിയിൻ സംഘടനകളും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപവാസ പന്തലിലാണ് വൈകുന്നേരത്തോടെ ഗവർണർ നേരിട്ടെത്തുന്നത്. രാജ്‌ഭവനിൽ രാവിലെ തന്നെ അദ്ദേഹം ഉപവാസം ആരംഭിച്ച് കഴിഞ്ഞു. ഗവർണർ തെരുവിലിറങ്ങേണ്ട സാഹചര്യം വിശദീകരിച്ച് സത്യാഗ്രഹ ഫൗണ്ടേഷൻ ചെയർമാനും ഉപവാസ സമരത്തിന്‍റെ സംഘാടകനുമായ മലയിൻകീഴ് വേണുഗോപാൽ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു...

ഗവർണർ ഉപവാസമിരിക്കുന്നു എന്നതാണ് ഇന്നത്തെ സമരത്തിന്‍റെ ഹൈലൈറ്റ്. എന്തുകൊണ്ട് ഒരു ഗവർണർ ഉപവാസമിരിക്കുന്നു?

സ്‌ത്രീധന പീഡനത്തിനെതിരെ ശക്തമായ നിലപാടുളളയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഗവർണറായി നമ്മുടെ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പും ഇതിനെതിരെ ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇത്രയധികം സാക്ഷരതയും അഭ്യസ്‌തവിദ്യരായ സ്‌ത്രീകളുമുളള കേരളത്തിൽ ഇപ്പോഴും സ്‌ത്രീധനം പോലുളള സാമൂഹ്യവിപത്തുണ്ടെന്നത് കേരളത്തിലെത്തിയ അദ്ദേഹത്തെ ഞെട്ടിപ്പിച്ച കാര്യമാണ്. വിസ്‌മയ മരണപ്പെട്ടപ്പോൾ ആ വീട് സന്ദർശിച്ചത് അത്യപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കാര്യമായിരുന്നു. അതിനുശേഷമാണ് കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി സ്‌ത്രീധനത്തിനെതിരെ ഒരു പൊതുമനസ് സൃഷ്‌ടിക്കണമെന്ന താത്‌പര്യം ഗവർ‌ണർക്കുണ്ടായത്. അതിന് ഗാന്ധിമാർഗമാണ് ഉത്തമമെന്നാണ് ഗവർണറുടെ പക്ഷം. ആദ്യഘട്ടത്തിൽ സമരത്തിന്‍റെ മുൻനിരയിൽ ഗാന്ധിയൻ പ്രവർത്തകരെ രംഗത്തിറക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ഗാന്ധിയൻ സംഘടനകളോട് ഇത്തരമൊരു ഉപവാസം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തത്. ഇനി സമൂഹത്തിന്‍റെ വിവിധ തുറകളിലുളളവരുമായി ഗവർണർ ബന്ധപ്പെടും.

ഈ ഉപവാസസമരം ഗാന്ധിയൻ സംഘടനകൾ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല എന്നാണോ പറഞ്ഞുവരുന്നത്. ഇക്കാര്യം അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണോ?

ഗാന്ധിയൻ നേതാക്കളുമായി ഒരു ചർച്ച ഗവർണർ നടത്തിയിരുന്നു. ആ ഘട്ടത്തിൽ അദ്ദേഹം തന്നെയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. വേണ്ട നിർദേശങ്ങളും ഗവർണർ തന്നെയാണ് നൽകിയത്. ഉപവാസത്തിനൊപ്പം അണിചേരുമെന്ന് ഗവർണർ പറയുകയായിരുന്നു. മറ്റ് ജില്ലകളിലും തുടർന്നുളള ദിവസങ്ങളിൽ ഉപവാസ സമരം സംഘടിപ്പിക്കും. അതിലെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുക്കാനാണ് ഗവർണർ താത്പര്യപ്പെടുന്നത്.

arif-muhammadh-khan

സ്‌ത്രീധനത്തിനെതിരെ ഗവർണർ നടത്തുന്ന മറ്റ് നീക്കങ്ങൾ എന്തൊക്കെയാണ്?

മുഖ്യമന്ത്രിയുമായും മതനേതാക്കളുമായും ഗവർണർ ആശയവിനിമയം നടത്തിയിട്ടുണ്ട്. സാംസ്‌ക്കാരിക നേതാക്കളുമായി ഇനിയുളള ദിവസങ്ങളിൽ ചർച്ച നടത്തും. വൈസ് ചാൻസലർമാരെയും കാണുന്നുണ്ട്. ബിരുദം നൽകുന്നതിന് മുമ്പ് ഞാൻ സ്‌ത്രീധനത്തോട് വിയോജിക്കുന്നു അതൊരു കുറ്റകൃത്യമാണെന്ന് കാണിക്കുന്ന ഒരു സത്യവാങ്മൂലം വിദ്യാർത്ഥി നൽകണമെന്നാണ് അനൗപചാരിക ചർച്ചയിൽ ഗവർണർ പറഞ്ഞത്. എന്തായാലും ഇതൊരു വലിയ ക്യാമ്പയിനായി മാറും.

ഗവർണർ ഉപവാസമിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത ഒരു കാര്യമാണ്. ഇത് സർക്കാരുമായുളള യുദ്ധമായും വ്യാഖ്യാനിക്കുന്നവരുണ്ട്. ഗവർണർ വരുന്ന സംസ്ഥാനം ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഇതിനെക്കാൾ വലിയ ക്രൂരതയാണ് സ്‌ത്രീകൾക്കെതിരെ നടക്കുന്നത്.

ഏത് സംസ്ഥാനത്ത് നടന്നാലും അത് ഒരുപോലെയാണ്. ഇതൊരു രാഷ്‌ട്രീയ വിഷയമല്ല, സാമൂഹിക കുറ്റകൃത്യമാണ്. രാഷ്‌ട്രീയ കാഴ്‌ചപ്പാടോടെ ഈ വിഷയത്തെ സമീപിക്കരുത്. ഗാന്ധി സ്‌മാരക നിധിയുമായി ബന്ധപ്പെട്ട സംഘടനകൾക്ക് രാഷ്‌ട്രീയമില്ല. എല്ലാ പാർട്ടിക്കാരും ഇതിലുണ്ട്. ഗാന്ധിജി തന്നെയാണ് രാജ്യത്ത് ആദ്യമായി സ്‌ത്രീധനത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുളളത്.