seafarers

ന്യൂഡൽഹി: കഴിഞ്ഞ നാല് മാസമായി ഇന്ത്യയിൽ നിന്നുള്ള അഞ്ച് കപ്പൽജീവനക്കാർ ഇറാനിൽ പട്ടിണിയിൽ കഴിയുകയാണെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന സംശയത്തെതുടർന്ന് ഇവരെയും ഇവരുടെ കപ്പൽ ആർട്ടിൻ 10നെയും ഇറാൻ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. ഏകദേശം 400 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ഇവരെ ഒടുവിൽ കഴിഞ്ഞ മാർച്ച് 9ന് ഇറാൻ കോടതി നിരപരാധികളെന്ന് കണ്ട് വെറുതേ വിട്ടു. എന്നാൽ ഇറാൻ അധികൃതർ ഇതുവരെയായും ഇവരുടെ തിരിച്ചറിയൽ രേഖകളോ പാസ്പോർട്ടോ തിരിച്ചു നൽകാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങിവരാനായി സാധിക്കുന്നില്ല. തിരിച്ചറിയൽ രേഖകളൊന്നും തന്നെ കൈവശമില്ലാത്തതിനാൽ ഇവർക്ക് ഇറാനിൽ പണം സമ്പാദിക്കാനുള്ള മാർഗങ്ങളും ഇല്ല. ഭക്ഷണം കഴിക്കാൻ പോലും കൈയിൽ പണമില്ലാതെ തങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് ഒരു വീഡിയോ സന്ദേശത്തിൽ ഇവർ അറിയിച്ചു.

മുംബയ് സ്വദേശികളായ അനികേത് യെൻപുരെ, മന്ദർ വോർളിക്കർ, ഉത്തരാഖണ്ഡ് സ്വദേശി നവീൻ സിംഗ്, ബിഹാർ സ്വദേശി പ്രണവ് കുമാർ, തമിഴ് നാട് സ്വദേശി തമിഴ്‌സെൽവൻ രംഗസാമി എന്നിവരാണ് ഇറാനിൽ അകപ്പെട്ടുപോയ ഇന്ത്യൻ നാവികർ. തങ്ങളെ എത്രയും വേഗം ഇന്ത്യയിൽ മടക്കികൊണ്ടു വരാൻ ശ്രമിക്കണമെന്ന് വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇവർ ആവശ്യപ്പെടുന്നു.

ഇറാനിലെ സിസ്താൻ - ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ചബഹാറിലാണ് അഞ്ച് പേരും ഇപ്പോൾ ഉള്ളത്. ഇവിടെ 20 കോടി അമേരിക്കൻ ഡോളർ ചിലവിൽ ഇന്ത്യ ഒരു തുറമുഖം പണിയുന്നുണ്ട്.