കൊച്ചി: വ്യാപാരികൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാപാരികൾക്കെതിരെ വിരട്ടലിന്‍റെ ഭാഷ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ശരിയല്ലെന്ന് വി ഡി സതീശൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ ഭാഷയാണ് മുഖ്യമന്ത്രിക്ക്. വിരട്ടി ഭരിക്കാൻ നോക്കേണ്ട. ഈ രീതിയിൽ പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിൽ യു ഡി ഫ് വ്യാപാരികൾക്കൊപ്പം നിൽക്കും. സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഫയലില്‍ ഒപ്പിടാന്‍ മാത്രമാവരുത് മന്ത്രിമാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കട തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പടുന്ന വ്യാപാരികളെ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന മുഖ്യമന്ത്രി പ്രസ്‌താവന തെരുവു ഭാഷയെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും ആരോപിച്ചു. പൊലീസ് കട അടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നാവിൽ നിന്നു വരേണ്ട വാക്കല്ല അത്. കച്ചവടക്കാരോട് യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടത്. വ്യാപാരികള്‍ ജീവിക്കാനാണ് സമരം ചെയ്യുന്നത്. ആ സമരം സര്‍ക്കാരിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സുധാകരന്‍ ചോദിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ മയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷാ പ്രശ്‌നം ഉയര്‍ത്തി ഉപവാസം നടത്തുന്ന ഗവര്‍ണറുടെ നടപടിയില്‍ രാഷ്‌ട്രീയമില്ല. ടി പി ആർ ഉയരുന്നത് സർക്കാർ ആസൂത്രണത്തിലെ വീഴ്‌ചയാണ്. ഡൽഹിയിലും തമിഴ്‌നാട്ടിലും ഇത്രയും നിയന്ത്രണങ്ങൾ ഇപ്പോഴില്ല. ഇവിടുത്തേക്കാൾ സ്ഥിതി മെച്ചമാണ് അവിടെയൊക്കെ. ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ വാക്‌സിൻ ക്ഷാമത്തെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ലെന്നും വരുമാനം കിട്ടുന്ന പദ്ധതികളെ കുറിച്ച് മാത്രമാണ് ചർച്ച നടത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സർക്കാർ നിർദേശം ലംഘിച്ച് കടകൾ തുറന്നാൽ സാധാരണഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടുമെന്നും അതു മനസിലാക്കി കളിച്ചാൽ മതിയെന്നുമായിരുന്നു ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യാപാരികൾക്ക് നൽകിയ മുന്നറിയിപ്പ്. അതിനിടെ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി എ എം ആരിഫ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൊവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി കടകൾ അടച്ചിടുന്നതിനെതിരെ ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്തെത്തി. വ്യാപാരി വ്യവസായി സമിതി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലും 14ന് കളക്ട്രേറ്റുകൾക്ക് മുന്നിലും അതിജീവന പ്രതിഷേധ സമരം സംഘടിപ്പിക്കും.