rice

ബീജിംഗ്: ചാന്ദ്ര ഗവേഷണ ദൗത്യമായ ചാങ്-5 നിടെ ബഹിരാകാശത്ത് വള‌ർത്തിയെടുത്ത നെൽ വിത്തുകൾ വിളവെടുക്കാൻ ചൈന. 2020 നവംബറിൽ 23 ദിവസമാണ് വിത്തുകൾ ബഹിരാകാശത്ത് സഞ്ചരിച്ചിരുന്നത്.

ഈ വിളവെടുത്ത ധാന്യങ്ങൾ ചൈനയുടെ ധാന്യ ഇനങ്ങളെ പുഷ്‌ടിപ്പെടുത്തുമെന്ന് ഗവേഷകർ പ്രത്യാശിക്കുന്നു. 40 ഗ്രാം വിത്തുകളാണ് ചാന്ദ്ര ഗവേഷണത്തോടൊപ്പം ചൈന അയച്ചത്. സൗത്ത് ചൈന കാ‌ർഷിക സ‌ർവകലാശാലയിൽ വച്ച് വിളവെടുത്ത വിത്തുകൾ ബഹിരാകാശത്തെ ഗുരുത്വാകർഷണമില്ലാത്ത കോസ്മിക് വികിരണങ്ങൾക്ക് വിധേയമായ അസാധാരണമായ സാഹചര്യത്തിൽ വളർത്തിയെടുത്തവയാണ്.

മൂന്ന് വലിയ ബാഗുകളിലായി ഒരു സെന്റിമീറ്റർ വളർന്ന വിത്തുകൾ ശേഖരിച്ചിരിക്കുകയാണ്. ഇവയിൽ നല്ല വിത്തുകൾ ഗവേഷണശാലകളിൽ നന്നായി വളർത്തി പിന്നീട് കൃഷിസ്ഥലങ്ങളിൽ നട്ട് വിളവെടുക്കാനാണ് ചൈനയുടെ ലക്ഷ്യം. ഇത്തരത്തിൽ കണ്ടെത്തുന്ന പുതിയ അരി ചൈനയുടെ ഭക്ഷ്യമേഖലയിൽ തുണയാകുമെന്നാണ് ചൈന കരുതുന്നത്. ഇവ മൂന്ന് മുതൽ നാല് വർഷത്തിനകമേ വിൽപനയ്‌ക്കെത്തൂ.

ഇത്തരത്തിൽ വളർത്തിയെടുത്ത അരി കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമായ ശേഷമേ വിൽപനയ്‌ക്കെത്തിക്കൂ എന്ന് ഗവേഷക‌ർ അറിയിച്ചു. ഇത് ആദ്യമായല്ല ബഹിരാകാശത്തേക്ക് ചൈന വിത്തുകൾ അയക്കുന്നത്. 1987ലും പരുത്തി, തക്കാളി എന്നിവയുടെ വിത്തുകൾ ചൈന ബഹിരാകാശത്ത് പരീക്ഷണത്തിനയച്ചു.

ബഹിരാകാശത്ത് പരിവർത്തനത്തിന് വിധേയമാകുന്ന നെല്ലുകൾ ഭൂമിയിലെ അന്തരീക്ഷത്തിൽ കൂടുതൽ വിളവ് നൽകുമെന്ന് ഗവേഷകർ കരുതുന്നു. 2018ൽ ഇവ നടാനായി ചൈന 2.4 മില്യൺ ഹെക്‌ടർ സ്ഥലമാണ് മാറ്റിവച്ചിരുന്നത്.