ആലപ്പുഴ: യുവതിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിതയെയാണ് (32) ശനിയാഴ്ച പള്ളാത്തുരുത്തി ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ യുവതിയുടെ കാമുകൻ മലപ്പുറം എടത്തൂർ ഗ്രാമൻകുഞ്ഞ് പൂക്കോടം ഹൗസിൽ പ്രതീഷ് (36), ഇയാളുടെ കാമുകിയും കൈനകരി തോട്ടുവാത്തല പവിശ്ശേരി വീട്ടിൽ പ്രദീപിന്റെ ഭാര്യയുമായ രജനി (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ മൂന്ന് പേരെയും നെടുമുടി പൊലീസ് കസ്റ്റഡിയിലെടുത്തു.
രജനിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി അനിതയെ വീട്ടിൽ വിളിച്ചുവരുത്തി കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പ്രതീഷ് ആറ്റിൽ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അനിതയെ ഇയാൾ രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. മൂവരും ചേര്‍ന്ന് ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രതീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കായംകുളം താമരക്കുളം പമ്പിന് സമീപമുള്ള അഗ്രികൾച്ചറൽ ഫാമിലെ ജീവനക്കാരായിരുന്നു അനിതയും പ്രതീഷും. അഗ്രികൾച്ചറൽ ഫാമിലെ ജോലിക്കിടെ ഇരുവരും പരിചയപ്പെടുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഇതിനിടെ ഇരുവരും ഫാമിൽ വച്ച് തർക്കമുണ്ടായി. തുടർന്ന് രണ്ട് പേരും ജോലി ഉപേക്ഷിച്ചു. അതിനുശേഷം രമ്യതയിലായ ഇരുവരും മറ്റ് പല അഗ്രികൾച്ചറൽ ഫാമുകളിലും ജോലി നോക്കി.
ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് അനിത പ്രതീഷിനൊപ്പം നാടുവിട്ടു. രണ്ടുവര്‍ഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി. ഇതോടെ തന്നെ വിവാഹം കഴിക്കണമെന്ന് അനിത പ്രതീഷിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ഉപേക്ഷിച്ച രജനിയുമായി രണ്ടരവർഷമായി ഇയാൾ അടുപ്പത്തിലായിരുന്നു.അനിതയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രജനി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം.