cheppara

അത്ഭുതങ്ങൾ ഒളിപ്പിച്ച കരിമ്പാറക്കെട്ടുകളാണ് ചെപ്പാറയുടെ സൗന്ദര്യം. നീണ്ടുനിവർന്ന് കിടക്കുന്ന പാറക്കൂട്ടവും അതിന് മുകളിലുള്ള തടാകവും ഏതൊരു സഞ്ചാരിയുടെയും മനസ് കീഴടക്കും. തൃശൂർ ഷൊർണൂർ റൂട്ടിൽ, നഗരത്തിൽ നിന്ന് ഏതാണ്ട് 10 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ചെപ്പാറയിലെത്താം.

നിറയെ കൗതുകങ്ങളാണ് ചെപ്പാറ സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത്. പാറയുടെ പാതിഭാഗത്തോളം റോഡ് സൗകര്യമുണ്ട്. സഞ്ചാരികൾക്ക് കയറിപോകാൻ കൈവരിയോടുകൂടിയ പടികളുമുണ്ട്. മുകളിലെത്തിയാലോ പാറ പൂത്തതുപോലെ പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ട്. കാട്ടുപ്പൂക്കൾക്ക് പുറമേ വലിയ മരങ്ങളും അങ്ങിങ്ങായി തലയുയർത്തി ചെപ്പാറയുടെ സൗന്ദര്യം കൂട്ടുന്നു. സഞ്ചാരികൾക്ക് ഇരിക്കാനായി പാറയ്‌ക്ക് മുകളിൽ ബഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്.

ഉദയാസ്‌തമയ കാഴ്‌ചകൾ തേടിയാണ് നിരവധി പേരും ഇവിടേക്ക് എത്തുന്നത്. സഞ്ചാരികളുടെ കൗതുകത്തിനപ്പുറം ചരിത്രാന്വേഷികൾക്ക് ഒരുപിടി അറിവുകളും സമ്മാനിക്കുന്നുണ്ട്. മുനിയറകളാണ് ചെപ്പാറയെ ചരിത്രകാരന്മാർക്കിടയിൽ ശ്രദ്ധേയമാക്കുന്നത്. പാറക്കൂട്ടത്തിന് മുകളിൽ നിന്ന് താഴെ പച്ചപ്പരവതാനി വിരിച്ച താ‌ഴ്‌വാരത്തിലേക്കുള്ള കാഴ്‌ച അതിമനോഹരമാണ്. വെയിലിന്റെ കാഠിന്യം കൂടുന്നതുകൊണ്ട് ചെപ്പാറയിലേക്കുള്ള യാത്ര വൈകുന്നേരങ്ങളിൽ തിരഞ്ഞടുക്കുന്നതാണ് നല്ലത്.

പാറക്കു മുകളിലൂടെയുള്ള സഞ്ചാരം ഒരു രസകരമായ അനുഭവം തന്നെയാണ്.