പനാജി: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ ഗോവയിലെ എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വീതം സൗജന്യമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിലാണ് നടക്കേണ്ടത്.
'ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭിക്കുകയാണെങ്കിൽ എന്തുകൊണ്ട് ഗോവയിലെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭിക്കില്ല' അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗോവയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎമാരെ കേജ്രിവാൾ രൂക്ഷമായി വിമർശിച്ചു.
എണ്ണം അനുസരിച്ച് പ്രതിപക്ഷത്തിരിക്കേണ്ടവർ ഇപ്പോൾ ഗോവ ഭരിക്കുന്നുണ്ടെന്നും, ഭരണത്തിലിരിക്കേണ്ടവർ ഇപ്പോൾ പ്രതിപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ ബിജെപിയിൽ ചേരുന്നതെന്നായിരുന്നു ഈ നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ അവകാശപ്പെടുന്നതുപോലെ അവർ ജോലി ചെയ്‌തോ? ഇപ്പോൾ ജനങ്ങൾ പറയുന്നത് പണത്തിന്റെ പ്രലോഭനത്തിൽ വീണാണ് അവർ കൂറുമാറിയതെന്നാണ്. ആളുകൾക്ക് വഞ്ചിക്കപ്പെട്ടതായി തോന്നുന്നു.-അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ഗോവക്കാർ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്കോ കോൺഗ്രസിനോ വോട്ട് ചെയ്യില്ലെന്ന് പറയുന്നു.ഗോവ മാറ്റം ആഗ്രഹിക്കുന്നുവെന്ന് കേജ്രിവാൾ കൂട്ടിച്ചേർത്തു.