ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് മെഡലുമായി മടങ്ങിയെത്തിയാൽ അടുത്തതവണ തമ്മിൽ കാണുമ്പോൾവയറു നിറയെ ഐസ്ക്രീം തരാമെന്ന് ബാഡ്മിന്റൺ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒളിമ്പിക്സിനു തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിലെ അംഗങ്ങളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു മോദി.
2016ൽ ഒരു അഭിമുഖത്തിനിടെ സിന്ധുവിന്റെ പരിശീലകൻ പുല്ലേല ഗോപിചന്ദ് താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഇഷ്ടഭക്ഷണമായ ഐസ്ക്രീമിന് വിലക്കേർപ്പെടുത്തിയതായി പറഞ്ഞിരുന്നു. ആ അഭിമുഖത്തെകുറിച്ച് സംസാരിക്കുന്നതിനിടെ ഇപ്പോൾ ഐസ്ക്രീം കഴിക്കാറുണ്ടോ എന്ന് മോദി സിന്ധുവിനോട് തിരക്കി. എന്നാൽ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിൽ ആയതിനാൽ താൻ ഐസ്ക്രീം കഴിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണെന്ന് സിന്ധു പറഞ്ഞു. ഒളിമ്പിക്സിൽ ജയിച്ചു വരൂ, അതിനു ശേഷം നമ്മൾ കാണുമ്പോൾ എന്റെ വക വയറു നിറയേ ഐസ്ക്രീം തരാമെന്ന് മോദി പറഞ്ഞു.
പുതു ഇന്ത്യയുടെ പ്രതിരൂപങ്ങളാണ് ഇന്ത്യയുടെ കായികതാരങ്ങളെന്നും റിസൾട്ടിനെകുറിച്ച് വേവലാതിപ്പെടാതെ മാനസികസമർദ്ദമില്ലാതെ ആത്മാർത്ഥമായി പരിശ്രമിക്കൂവെന്ന് മോദി കായികതാരങ്ങളോട് പറഞ്ഞു. ബോക്സിംഗ് താരം മേരി കോം, അമ്പെയ്ത്ത് താരം ദീപികാ കുമാരി, നീന്തൽതാരങ്ങളായ സജൻ പ്രകാശ്, മാനാ പട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.