protest

കോഴിക്കോട്: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളോടുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിൽ പ്രതിഷേധം വ്യാപകമായതാേടെ ചർച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. ഇന്ന് 12 മണിക്ക് കോഴിക്കോട് കളക്ടറേറ്റില്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തും. മന്ത്രി എ കെ ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സി പി എം അനുകൂലസംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്. മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി കെ സി മമ്മദ് കോയയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ സമരം നടന്നുവരികയാണ്. സർക്കാരിനെ വെല്ലുവിളിച്ച് സമരം ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും വ്യാപാരികളുടെ പ്രശ്നങ്ങൾ സർക്കാരിനുമുന്നിൽ അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നുമാണ് വി കെ സി മമ്മദ് കോയ പറയുന്നത്.

ഇന്നലത്തെ വാർത്താസമ്മേളനത്തിലാണ് വ്യാപാരികളെ ചൊടിപ്പിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും യു ഡി എഫും ബി ജെ പിയും ഇതിനെ സർക്കാരിനെതിരെയുള്ള ആയുധമാക്കി വ്യാപാരികൾക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ അപകടം മണത്താണ് സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.