ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈന്യവും ചൈനീസ് പട്ടാളവും തമ്മിൽ പുതുതായി ഏറ്റുമുട്ടലുണ്ടായെന്ന വാർത്ത നിഷേധിച്ച് സൈന്യം. കൃത്യതയില്ലാത്തതും തെറ്റായ വിവരങ്ങള്‍ നിറഞ്ഞതും അടിസ്ഥാന രഹിതവുമായ റിപ്പോർട്ടായിരുന്നു അതെന്നായിരുന്നു സൈന്യത്തിന്റെ പ്രതികരണം.
'ഒരു സത്യത്തേയും അടിസ്ഥാനമാക്കിയുള്ളതല്ല റിപ്പോർട്ട്. ഈവർഷം ഫെബ്രുവരിയിൽ സൈന്യത്തെ പിൻവലിക്കാൻ കരാറിൽ ഏർപ്പെട്ടശേഷം അവിടത്തെ പ്രദേശങ്ങൾ കൈവശപ്പെടുത്താൻ ഇരുപക്ഷവും ശ്രമിച്ചിട്ടില്ല. ഗാൽവാനിലോ മറ്റിടങ്ങളിലോ ഏറ്റുമുട്ടലുകളൊന്നും ഉണ്ടായിട്ടില്ല, സൈന്യം വ്യക്തമാക്കി.
അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾ പുരോഗമിക്കുകയാണെന്നും മേഖലകളിൽ കർശന നിരീക്ഷണം തുടരുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സൈനിക, നയതന്ത്ര ചർച്ചകൾക്ക് ശേഷം പാങ്കോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് സൈന്യത്തെയും ആയുധങ്ങളെയും പിൻവലിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു. മറ്റുപ്രശ്നമേഖലകളിൽ നിന്ന് സൈനിക പിന്മാറ്റം അടക്കമുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുകയാണ്.