kid

ഇത്രവേഗം ഇത്രയേറെ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച മറ്റൊരു കാലഘട്ടം ചരിത്രത്തിലില്ല. എല്ലാ മേഖലകളിലും മാറ്റങ്ങൾ നടക്കുന്നുണ്ടെങ്കിലും, സാങ്കേതികവിദ്യയുടെ രംഗത്ത് നടക്കുന്ന മാറ്റങ്ങളുടെ തോതിന് സമാനതകളില്ല. മുൻതലമുറകൾക്ക് സങ്കല്‌പിക്കാൻ പോലും സാധിക്കുമായിരുന്നില്ല, പുതിയ സാങ്കേതിക വിദ്യയുടെ ഫലമായി അനുഭവിക്കുന്ന ഇന്നത്തെ സൗകര്യങ്ങളും സാദ്ധ്യതകളും. ഫോട്ടോയും, ശബ്ദവും സന്ദേശങ്ങളുമെല്ലാം ലോകത്തിന്റെ ഏതു കോണിലേക്കും തൽക്ഷണം അയയ്‌ക്കാൻ സാധിക്കുന്ന ഇ - മെയിലിന്റെയും വാട്സപ്പിന്റെയും മറ്റു സോഷ്യൽ പ്ലാറ്റ്‌ഫോമുകളുടെയും വർത്തമാനകാലത്ത്, വിദേശങ്ങളിൽ നിന്ന് ഒരു കത്ത് ഇവിടെ എത്തണമെങ്കിൽ ഒരു മാസത്തോളം വേണ്ടിയിരുന്ന നാളുകൾ അവിശ്വസനീയം! പണമിടപാടുകൾക്ക് ഈ സാങ്കേതിക വിദ്യയുടെ സൗകര്യം ഇപ്പോൾ എല്ലാവരും അനുഭവിച്ചു തുടങ്ങി. കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും ഇത്രയേറെ സാദ്ധ്യതകളുണ്ടെന്ന് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പോലും നമുക്കറിയില്ലായിരുന്നു. ഇലക്ട്രോണിക് സാങ്കേതിക വിദ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിക്കഴിഞ്ഞു. കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്നിവയില്ലാത്ത ഒരു 'ലളിത' കാലത്തിലേക്ക് ഇനി മടക്കമില്ലെന്നു മാത്രമല്ല, സദാ മാറുന്ന സാങ്കേതികവിദ്യയുടെ നവീന സാദ്ധ്യതകളുമായി നമുക്കിനിയും പൊരുത്തപ്പെടേണ്ടി വരികയും ചെയ്യും. ഏതാനും മാസങ്ങൾക്കു മുമ്പ് വരെ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ കൊടുക്കുന്നതിന്റെ ആശാസ്യതയെക്കുറിച്ചു തർക്കിച്ചു കൊണ്ടിരുന്നവരാണ് നമ്മൾ. മൊബൈൽ ഫോൺ കൊടുത്താൽ കുട്ടികൾ വഴിതെറ്റിപ്പോകുമെന്നു ആത്മാർത്ഥമായി ഭയന്നിരുന്ന അനേകം രക്ഷിതാക്കളുണ്ട്. എന്നാൽ ഇന്ന് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സ്‌കൂൾകോളേജ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ്‌ടോപ്പ് അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. കൊവിഡിന്റെ പരാധീനതകൾ മാറിക്കഴിഞ്ഞാലും മൊബൈൽ ഫോണും ഇന്റർനെറ്റും വിദ്യാഭ്യാസപ്രക്രിയയുടെ അവിഭാജ്യഘടകങ്ങളായി തുടരുകതന്നെ ചെയ്യും. ഈ സാങ്കേതിക വിദ്യയുടെ പ്രചാരഫലമായി വിദ്യാഭ്യാസത്തിന്റെ പുതിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കുട്ടികൾക്ക് സാധിക്കുന്ന നല്ല മാറ്റമായി ഇതിനെ സ്വാഗതം ചെയ്യാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല. ഇന്റർനെറ്റിലെ കെണികൾ അറിയാതെ പോകുന്നതും അപകടം. അപായകരമായ ഓൺലൈൻ ഗെയിമുകളിൽ ആകൃഷ്ടരായി കുട്ടികൾ ആത്മഹത്യയിലേക്കും, മറ്റുള്ളവരെ അപായത്തിലേക്കും, ഭീമമായ സാമ്പത്തിക നഷ്ടങ്ങളിലേക്കുമൊക്കെ എത്തിച്ച വാർത്തകൾ നാം അറിയുന്നുണ്ടല്ലോ. ഇന്റർനെറ്റിൽ എല്ലാമുണ്ട്; നല്ലതും ചീത്തയും. അഭിലഷണീയമായവയും, അങ്ങേയറ്റം അപകടകരമായവയും. ഇതൊക്കെ നിയമം കൊണ്ട് നിരോധിക്കാമെന്ന വിചാരം ആധുനിക സാങ്കേതിക വിദ്യകളോട് പൊരുത്തപ്പെടുകയില്ല. മറ്റൊരു കാലഘട്ടത്തിന്റെ ചിന്താ ശൈലിയാണത്. നിയമപരമായ നിയന്ത്രണങ്ങൾ വേണ്ടെന്നല്ല. അവയ്‌ക്കെല്ലാം പരിമിതമായ ഫലമേയുള്ളൂ എന്ന് മാത്രം. പാരാവാരം പോലെ സൈറ്റുകൾ കിടക്കുന്ന ഇന്റർനെറ്റിലെ വേണ്ടാത്ത സൈറ്റുകളിൽ നിന്ന് കുട്ടികളെ കണ്ണുകെട്ടി നടത്തുകയോ, അവയെല്ലാം ബ്‌ളോക് ചെയ്യുകയോ പ്രായോഗികമല്ല. ഒളിച്ചോടലും നിരോധനവുമല്ല സ്വീകാര്യമായ പ്രതികരണം. നിതാന്ത ജാഗ്രതയും കുട്ടികളോടുള്ള നിരന്തരമായ ആശയ വിനിമയവും, മൊബൈൽ ഫോൺ ലാപ്‌ടോപ്പ് ഉപയോഗത്തിലെ സുതാര്യതയുമാണ് രക്ഷോപായങ്ങൾ. മയക്കുമരുന്നിന് അടിമയാകുന്നവരെപ്പോലെയാണ് ഇന്റർനെറ്റിലെ അത്യപകടകരമായ കളികളുടെ ത്രില്ലിന് വശംവദരാകുന്ന കുട്ടികൾ. ഫയർ ഫെയറിയും, ബ്ലൂ വെയിലും, സിനമൺ ചലഞ്ചുമൊക്കെ ഭീകരമായ പ്രത്യാഘാതങ്ങളാണ് വരുത്തിവയ്ക്കുന്നത്. കത്തികൊണ്ടും ബ്ലേഡ് കൊണ്ടും സ്വന്തം ശരീരം വരഞ്ഞു കീറാൻ പ്രേരിപ്പിക്കുന്ന ഗെയിമുകളും, സ്വയം ശ്വാസം മുട്ടിക്കുന്നവയും, ഗ്യാസ് സിലിണ്ടർ തുറന്നു വയ്ക്കാൻ പ്രേരിപ്പിക്കുന്നവയുമുണ്ട് ഈ കളികളിൽ. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അയഥാർത്ഥമായ 'ആയുധങ്ങൾ' വാങ്ങാനും, വിലപിടിപ്പുള്ള 'വജ്രം' വാങ്ങാനുമായി ലക്ഷക്കണക്കിന് രൂപ നഷ്‌ടപ്പെടുത്തിയവരുമുണ്ട്. കുട്ടികളുടെ കൈയിൽ വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായി മൊബൈൽ ഫോൺ കൊടുക്കാൻ രക്ഷിതാക്കൾ നിർബന്ധിക്കപ്പെടുന്ന ഇക്കാലത്ത് ഈ ഭീഷണി കൂടുതൽ യാഥാർത്ഥ്യമാവുകയാണ്. ഇന്റർനെറ്റിലെ അനാശാസ്യമായ കാര്യങ്ങളെക്കുറിച്ചു രഹസ്യമായി മാത്രം സംസാരിക്കുന്ന നമ്മുടെ രീതിയാണ് ഏറ്റവും വലിയ പരിമിതി. കുട്ടികളുടെ മൊബൈൽ ഫോണിൻ മേലും ലാപ്‌ടോപ്പിൻ മേലും കൂടുതൽ നിയന്ത്രണവും മേൽനോട്ടവും രക്ഷിതാക്കൾക്ക് കൂടിയേ കഴിയൂ. അപകടങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അപരിചിതത്വവും മാറിയെങ്കിൽ മാത്രമേ ഈ മേൽനോട്ടം ഫലപ്രദമാകൂ. പല വീടുകളിലും കുട്ടി തന്നെയാണ് ഇവയെക്കുറിച്ച് അറിവുള്ള ഏക വ്യക്തി. അങ്ങനെയുള്ള വീടുകളിൽ രക്ഷിതാക്കൾ കുട്ടിയെ എങ്ങനെ നിയന്ത്രിക്കാനാണ്? സാങ്കേതികജ്ഞാനമുള്ള മാതാപിതാക്കളുടെ ജാഗ്രതക്കുറവും അപകടം ക്ഷണിച്ചുവരുത്തുന്നു. കുട്ടികൾക്ക് അറിയാവുന്ന അനാശാസ്യമായ കളികളെക്കുറിച്ചു കമ്പ്യൂട്ടർ സാക്ഷരരായ രക്ഷിതാക്കൾക്ക് പോലും പലപ്പോഴും വേണ്ടത്ര അറിവുണ്ടാകണമെന്നുമില്ല. നിഷ്‌ക്രിയമായിരിക്കാൻ അനുവദിക്കുന്നതല്ല ഈ അപകടസന്ധി. വിപുലമായ ഒരു ഇ - സാക്ഷരതാ യജ്ഞം അടിയന്തരമായി കേരളം ആവശ്യപ്പെടുന്നുണ്ട്. കംപ്യൂട്ടർ ഇന്റർനെറ്റ്‌, മൊബൈൽ ഫോൺ, ഓൺലൈൻ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേരളത്തിലെ എല്ലാ വീട്ടുകാർക്കും പരിചിതമാക്കിക്കൊടുക്കാൻ സർക്കാരിന്റെ മേൽനോട്ടത്തിൽ, തദ്ദേശസ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും കോളേജുകളുടെയും സന്നദ്ധസംഘടനകളുടെയും കൂടായ്മയിൽ നിന്ന് സമയബന്ധിതമായി പൂർത്തിയാക്കേണ്ട ഒരു നവസാക്ഷരതാ യജ്ഞം ഏറ്റെടുക്കാൻ ഇനി അമാന്തിച്ചുകൂടാ. അപകടങ്ങളിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാൻ മാത്രമല്ല, സാധാരണക്കാർ കബളിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്താനും, അവരെ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളുടെയും സാദ്ധ്യതകളുടെയും ഗുണഭോക്താക്കളായി മാറ്റാനും, അങ്ങനെ സാമൂഹിക സമത്വത്തിന്റെ ഒരു പുതിയ സമവാക്യം രചിക്കാനും സാധിക്കുന്ന ഒരു മഹായജ്ഞമായിരിക്കണം അത്. എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപേ സാക്ഷരതായജ്ഞം മാതൃകാപരമായി ഏറ്റെടുത്തു വിജയിപ്പിച്ച കേരളത്തിന് മാത്രമേ വർത്തമാനകാലം ആവശ്യപ്പെടുന്ന ഈ അനിവാര്യദൗത്യം ഏറ്റെടുക്കാൻ കഴിയൂ.