തിരുവനന്തപുരം:ശരിക്കും പരീക്ഷണമായിരുന്നു ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷ. ആ പരീക്ഷണത്തിൽ വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും എ പ്ലസ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ ശക്തമായ വെല്ലുവിളികളോട് പൊരുതിയാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തിയത്. ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാൻ ശക്തമായ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയെങ്കിലും രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും ഭീതി ഒഴിഞ്ഞിരുന്നില്ല. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. എന്നാൽ പരീക്ഷയുമായി മുന്നോട്ടുപോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ആദ്യം മാർച്ച് 17 നാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ടൈംടേബിളും പ്രസിദ്ധീകരിച്ചു. എന്നാൽ ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭ്യർത്ഥന പ്രകാരം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.
പരീക്ഷ തുടങ്ങിയശേഷം രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ ശേഷിക്കുന്ന പരീക്ഷകൾ മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. വിദ്യാർത്ഥികൾ കൂട്ടത്തോടെ രോഗബാധിതരാകുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ പരീക്ഷ നടത്തിപ്പിൽ നിന്ന് പിന്നോട്ട് പോകാൻ അധികൃതർ തയ്യാറായില്ല. മുന്നൂറിലധികം വിദ്യാർത്ഥികളാണ് കൊവിഡ് പോസിറ്റീവായി പരീക്ഷയ്ക്ക് എത്തിയത്.പ്രത്യേക ഹാളിൽ ഇവർക്ക് പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ അധികൃതർ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് പരിഹാരം കണ്ടു. മാർച്ചിൽ തന്നെ പരീക്ഷ നടത്തിയിരുന്നെങ്കിൽ ഇത്രയും രോഗബാധിതർ പരീക്ഷയ്ക്കെത്തേണ്ടി വരില്ലായിരുന്നെന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു.
എഴുത്തുപരീക്ഷകൾ വിജയകരമായി നടത്തിയെങ്കിലും ഐ ടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കേണ്ടിവന്നു. നിരന്തര മൂല്യനിർണയത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രാക്ടിക്കൽ പരീക്ഷയുടെ ഗ്രേഡ് കണക്കാക്കുകയായിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണയത്തിന് കൂടുതൽ ക്യാമ്പുകളും ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം അമ്പത്താറ് ക്യാമ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് എഴുപത്തിരണ്ടായി. അതുകൊണ്ടാണ് റെക്കാഡ് സമയത്തിൽ ഫലം പ്രസിദ്ധീകരിക്കാനായത്. റെക്കാഡ് വിജയമാണ് ഇത്തവണ ഉണ്ടായത്.
98.28 ആയിരുന്നു കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ വിജയശതമാനം. ഇതിൽ നിന്ന് 0.65 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണത്തെ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 1,21,318 പേരാണ് ഇത്തവണ എല്ലാവിഷയത്തിനും എ പ്ളസ് നേടിയത്