ന്യൂഡൽഹി: ദേശീയപാതകളിലെ വാഹനങ്ങളുടെ വേഗപരിധി ഉയർത്താൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചു. ഇന്നലെ നടന്ന മീറ്റിംഗിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിൽ കാറുകൾക്ക് ദേശീയപാതകളിൽ മണിക്കൂറിൽ 100 കിലോമീറ്ററും എക്സ്പ്രസ് ഹൈവേകളിൽ മണിക്കൂറിൽ 120 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് യഥാക്രമം 120 ഉം 140ഉം ആയി ഉയർത്താനാണ് കേന്ദ്രമന്ത്രി നിർദേശിച്ചിരിക്കുന്നത്.
എന്നാൽ അതാത് സംസ്ഥാനങ്ങളിലെ ഗതാഗത സൗകര്യങ്ങൾ അനുസരിച്ച് അവിടുത്തെ ഭരണാധികാരികൾക്ക് വേഗപരിധി നിശ്ചയിക്കാനുള്ള അധികാരമുണ്ട്. ഇക്കാര്യത്തിലെ അന്തിമ തീരുമാനം സംസ്ഥാനങ്ങളുടേത് ആയതിനാൽ തന്നെ കേരളം പോലുള്ളിടത്ത് ഇതിന് അംഗീകാരം കിട്ടുമോ എന്നത് കണ്ടറിയണം.
രാജ്യമൊട്ടുക്ക് ദേശീയപാതയിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ ആക്കിയപ്പോൾ കേരളത്തിൽ വളരെക്കാലമായി ഇത് മണിക്കൂറിൽ 70 കിലോമീറ്റർ ആയിരുന്നു. ഈയടുത്ത കാലത്താണ് ഇത് മണിക്കൂറിൽ 85 കിലോമീറ്റർ ആയി ഉയർത്തിയത്.
കേരളത്തിൽ ഇരുചക്രവാഹനങ്ങൾക്ക് ദേശീയപാതയിൽ 60 കിലോമീറ്ററും നാലു വരി പാതയിൽ 70 കിലോമീറ്ററും ആണ് വേഗപരിധി. എന്നാൽ സംസ്ഥാനപാതയിലും കോർപ്പറേഷൻ പരിധിക്കുള്ളിലും 50 കിലോമീറ്റർ മാത്രമേ വേഗത പാടുള്ളു. കാറുകൾക്ക് കോർപ്പറേഷൻ പരിധിക്കുള്ളിൽ 50 കിലോമീറ്റർ മാത്രമാണ് അനുവദിച്ചിട്ടുള്ള വേഗപരിധി. സംസ്ഥാന പാതയിലും ദേശീയപാതയിലും യഥാക്രമം 80ഉം 85ഉം വേഗതയിൽ സഞ്ചരിക്കാമെങ്കിൽ നാലു വരി പാതയിൽ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്.