santhikavadom

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വ്യാപനം തുടരുന്നതിനിടെ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചത് 1430 കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ. കൊവിഡ് രോഗം ബാധിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1910 പേരാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചത്. ഇതിൽ 1430 പേരെയും സംസ്‌കരിച്ചത് ശാന്തികവാടത്തിലാണ്. അതായത് ആകെ മരണങ്ങളുടെ 75 ശതമാനം. മേയിൽ മാത്രം കൊവിഡ് രോഗം ബാധിച്ച് മരിച്ച 901 പേരെയാണ് ശാന്തികവാടത്തിൽ സംസ്‌കരിച്ചത്. ജൂണിൽ ഇത് 430 ആയി കുറഞ്ഞു. നാല് വിറക് ചിതകൾ,​ രണ്ട് ഇലക്ട്രിക് ഫർണസുകൾ,​ രണ്ട് ഗ്യാസ് ഫർണസുകൾ എന്നിവയാണ് തൈക്കാട് ശാന്തികവാടത്തിലുള്ളത്. ഇവ പ്രവർത്തിപ്പിക്കുന്നതിനായി 37 പേരടങ്ങുന്ന പ്രത്യേക സംഘമാണുള്ളത്. ഫർണസുകളുടെ പ്രവർത്തനങ്ങൾക്കായി രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നഗരസഭ സ്ഥിരമായി നിയമിച്ചിട്ടുണ്ട്. മാത്രമല്ല,​ ശാന്തികവാടത്തിൽ അന്ത്യകർമ്മങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കുന്നതിന്റെ ചുമതലയും ഈ ഉദ്യോഗസ്ഥർ വഹിക്കും.

മരണനിരക്ക് ഉയരുന്നതിനാൽ തന്നെ 30 ഗ്യാസ് സിലിണ്ടറുകൾ ശ്‌മശാനത്തിൽ കരുതി വച്ചിരുന്നു. 19.5 കിലോഗ്രാമിന്റെ ഈ സിലിണ്ടറുകൾ പ്രതിദിനം ശ്‌മശാനത്തിൽ കൊണ്ടുവരികയാണ് പതിവ്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് ഒരു സിലിണ്ടറും മറ്റൊന്നിന്റെ പകുതിയും വേണ്ടിവരും. ആവശ്യം അനുസരിച്ച് 15 മുതൽ 20 വരെ ഗ്യാസ് സിലിണ്ടറുകൾ ശാന്തികവാടത്തിൽ പ്രതിദിനം എത്തിക്കാറുണ്ട്. നഗരത്തിലെ മറ്റ് ശ്‌മശാനങ്ങളിൽ മൃതദേഹ സംസ്‌കരിക്കുന്നതിനെ ചൊല്ലി പ്രതിഷേധം ഉണ്ടായപ്പോൾ സംഘർഷാവസ്ഥ ഇല്ലാതാക്കുന്നതിനായി എല്ലാ മൃതദേഹങ്ങളും ശാന്തികവാടത്തിൽ സംസ്‌കരിക്കുന്നതിന് കോർപ്പറേഷൻ നിർദ്ദേശം നൽകി. ഇതോടെ ശാന്തികവാടത്തിലെ ജീവനക്കാർ കിലോമീറ്ററുകളോളം പോയി മൃതദേഹം ഇവിടേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കാനും തുടങ്ങി. മൃതദേഹങ്ങൾ സംസ്‌കരിച്ച ശേഷം അക്കാര്യം ആശുപത്രികളിലെ പബ്ളിക് റിലേഷൻസ് ഓഫീസർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട്.

നേരത്തെ,​ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് മരണനിരക്ക് കൂടിയതോടെ ശാന്തികവാടത്തിൽ മൃതദേഹങ്ങൾ സംസ്‌‌കരിക്കുന്നതിന് മുൻകൂർ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ജില്ലയിലെ മറ്റ് ശ്‌മശാനങ്ങളിൽ സൗകര്യങ്ങൾ അപര്യാപ്തമായതിനാൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനായി ശാന്തികവാടത്തിലേക്ക് കൂട്ടത്തോടെ കൊണ്ടുവരികയായിരുന്നു. മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനും മറ്റും ആംബുലൻസ് ഏജൻസികലുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ശാന്തികവാടത്തിന് സ്വന്തമായുള്ള ആംബുലൻസുകൾക്ക് പുറമെ,​ കോർപ്പറേഷന നാല് ആംബുലൻസുകൾ കൂടി വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇതോടെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള ബുദ്ധിമുട്ട് മാറി. കൊവിഡ് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയർന്നതോടെ കൊവിഡിതര രോഗങ്ങളെ തുടർന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങൾ മറ്റ് ശ്‌മശാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. വിവിധ സമുദായങ്ങൾക്ക് കീഴിലുള്ള ശ്‌മശാനങ്ങളും ഇതിൽ സുപ്രധാന പങ്ക് വഹിച്ചതായി ശാന്തികവാടത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.

പുതിയ ഒരു ഗ്യാസ് ഫർണസ് അടക്കം രണ്ടെണ്ണത്തിലും പത്ത് വർഷം പഴക്കമുള്ള ഇലക്ട്രിക് ഫർണസിലുമാണ് ദിവസങ്ങളായി ഇടതടവില്ലാതെ ഉപയോഗിക്കുന്നത്.നഗരത്തിലെ എല്ലാ ആശുപത്രികളിലും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ തൈക്കാട്ടാണ് എത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിക്കുന്ന മറ്റുജില്ലകളിൽ നിന്നുള്ളവരുടെയും നാഗർകോവിൽ മേഖലകളിൽനിന്നുള്ളവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇടതടവില്ലാതെ ഉപയോഗിച്ചതോടെ ഇലക്ട്രിക് ഫർണസുകളിൽ ഒരെണ്ണം തകരാറിലായി. ഇത് അറ്റകുറ്റപ്പണി നടത്തിവരികയാണ്. പത്ത് ദിവസത്തിനകം ഇത് പൂർവസ്ഥിതിയിൽ പ്രവർത്തനക്ഷമം ആകുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ കൊവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങളും സംസ്‌കരിക്കാൻ കഴിയുന്ന സ്ഥിതിയുണ്ട്. രണ്ടാം തരംഗത്തിൽ നിർദ്ധനരായ പല കുടുംബങ്ങൾക്കും സംസ്‌കാരത്തിനുള്ള ഫീസ് കോർപ്പറേഷൻ ഒഴിവാക്കി കൊടുത്തിരുന്നു.