indonesia

ജക്കാർത്ത: പ്രതിദിന കൊവിഡ് കണക്കിൽ ഇന്ത്യയെ പിന്നിലാക്കിയിരിക്കുകയാണ് ഇന്തോനേഷ്യ. ഏഷ്യയിലെ വൈറസ് അതിവേഗ വ്യാപനകേന്ദ്രമായിരിക്കുകയാണ് ഈ ദ്വീപ് രാജ്യം. അതിവേഗം പടരുന്ന ഡെൽറ്റാ വകഭേദമാണ് ഇന്തോനേഷ്യയിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്.

തുടർച്ചയായ രണ്ടാം ദിവസവും ഇന്തോനേഷ്യയിൽ 40,000ലധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച 47,899 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഒരു മാസം മുൻപ് ഇത് പ്രതിദിനം 10,000ൽ താഴെയായിരുന്നു. ഇന്തോനേഷ്യയിലെ പ്രധാന ടൂറിസം കേന്ദ്രമായ ജാവയിലും ശക്തമായ രോഗവ്യാപനമാണ്. ഇവിടെ ചികിത്സയും ഓക്‌സിജൻ ലഭ്യതയും കുറഞ്ഞുവരുന്നതായാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 907 മരണങ്ങളാണ് ഇന്തോനേഷ്യയിൽ ശരാശരി ഉണ്ടാകുന്നത്. കഴിഞ്ഞമാസങ്ങളിൽ ഇത് 181 മാത്രമായിരുന്നു. ഇന്ത്യയിൽ ആ സമയം പ്രതിദിന മരണം 1072 ആയിരുന്നു.

അമേരിക്കയിലും ബ്രിട്ടനിലും ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുമ്പോൾ വികസ്വര രാജ്യങ്ങളിൽ കൊവിഡ് നാശം വിതയ്‌ക്കുന്ന കാഴ്‌ചയാണുള‌ളത്. പ്രത്യേകിച്ച് ഡെൽറ്റാ വകഭേദം കണ്ടെത്തിയ നാടുകളിൽ. വികസിത രാജ്യങ്ങളിൽ കൂടുതലും വികസ്വര രാജ്യങ്ങളിൽ കുറച്ചും വാക്‌സിൻ വിതരണം ചെയ്യുന്നതിന്റെ ഫലമാണ് ഇന്തോനേഷ്യ പോലുള‌ള രാജ്യങ്ങളിൽ അനുഭവപ്പെടുന്ന കൊവിഡ് വ്യാപനമെന്നാണ് ലോകാരോഗ്യ സംഘടന മുൻപ് സൂചിപ്പിച്ചത്.

ഇന്തോനേഷ്യയിൽ 10 ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്‌സിൻ നൽകാനായിട്ടുള‌ളൂ. ജനസംഖ്യയിൽ ഏറെ മുന്നിലുള‌ള ഇന്ത്യയിൽ 14 ശതമാനം വാക്‌സിൻ നൽകി. യൂറോപ്പിൽ 46 ശതമാനവും അമേരിക്കയിൽ 52 ശതമാനവും പേർക്ക് വാക്‌സിൻ വിതരണം ചെയ്‌തു.

ഇന്തോനേഷ്യയിൽ കൊവിഡ് പരിശോധനാ നിരക്ക് 27 ശതമാനമാണ്. ഇന്ത്യയിൽ ഇത് 2 ശതമാനമാണ്. കൂടുതൽ രോഗം ബാധിച്ചവരെയാണ് ഇന്തോനേഷ്യയിൽ പരിശോധിക്കുന്നത്. ഇരു രാജ്യങ്ങളും കൊവിഡ് കേസുകൾ കുറച്ചുകാണിക്കുന്നതായാണ് വിദഗ്ദ്ധരുടെ അഭിപ്രായം.