കേരളത്തിൽ സിനിമാ ചിത്രീകരണം ഉടൻ പുനരാരംഭിക്കണം മുഖ്യമന്ത്രിക്ക് ഫെഫ്ക്കയുടെ കത്ത്
സിനിമാ ചിത്രീകരണം ഉടൻ പുനരാരംഭിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക മുഖ്യമന്ത്രിക്ക് കത്തയച്ചു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പെടെയുള്ള ഏഴോളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും ചിത്രീകരണത്തിനായി പോകുന്നത്. കേരളത്തിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്നും കത്തിൽ പറയുന്നു.
നിർമ്മാണ മേഖലയുൾപ്പെടെയുള്ളവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, എന്നാൽ സിനിമാ ചിത്രീകരണങ്ങൾ പാടില്ല എന്ന അവസ്ഥ സിനിമാ സാംസ്കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്നതല്ലാത്തതിനാൽ മുഖ്യമന്ത്രി സത്വരമായി ഇടപെട്ട് ചിത്രീകരണങ്ങൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്നാണ് ഫെഫ്കയുടെ അഭ്യർത്ഥന.
''മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ക് ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി നൽകിയത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനുപുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിത ശക്തിയും, സഹപ്രവർത്തകരുടെ സ്നേഹപൂർവമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഓരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചുകൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവൻരക്ഷാമരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരുമാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭക്ഷ്യക്കിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനന്തര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ഏതാണ്ട് 2,25,00,000 രൂപ സംഘടന കണ്ടെത്തി ചെലവിട്ടു.
രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നുക്ക് 1000 രൂപ സഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്സിൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം എന്നിവ നൽകുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നെയും സജീവമായിരിക്കുന്നുവെന്നും യാതൊരു നിബന്ധനകളുമില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞെന്നും കേരളത്തിൽ നിബന്ധനകളോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഷൂട്ടിംഗ് നടത്താൻ ടെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായെങ്കിലും സിനിമക്ക് മാത്രം അനുവാദമില്ലെന്നതും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിംഗിന് മുമ്പ് പി.സി.ആർ ടെസ്റ്റ് എടുത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിംഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം െെകക്കൊള്ളുമ്പോൾ തന്നെ സിനിമ കൾക്ക് ചിത്രീകരണ അനുമതി നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിൽ അതൊന്നും ഇല്ലെന്ന് ഫെഫ്ക ചൂണ്ടിക്കാട്ടുന്നു.
സിനിമാ പ്രവർത്തകരുടെ
ദുരിതം സർക്കാർ കാണണം
മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും ബാദുഷയുടെ കത്ത്
കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും കത്തയച്ചു. കൊവിഡ് രണ്ടാം തരംഗത്തിൽ മലയാള സിനിമ നിശ്ചലമായിട്ട് 75 ദിവസം പൂർത്തിയായെന്നും തിയേറ്ററിൽ ടിക്കറ്റ് വിൽക്കുന്നവരും ഫിലിം റെപ്രസന്റേറ്റീവുമാരും മുതൽ താരങ്ങൾ വരെ ദുരിതത്തിലാണെന്നും തിയേറ്ററുകൾ തുറക്കാനും ഷൂട്ടിംഗ് പുനരാരംഭിക്കാനും അനുമതി നല്കണമെന്നും അല്ലാതെ ഒരു ചുവടുപോലും അവർക്കാർക്കും മുന്നോട്ട് പോകാനാവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.