വാർത്താ കേട്ടാലും കണ്ടാലും മുഖം ചുളുക്കുന്നവരാണ് കൊച്ചു കൂട്ടുകാരിൽ അധികവും. എന്നാൽ കാർട്ടൂണിന്‍റെ ലോകത്ത് നിന്ന് ഇറങ്ങിവന്ന് വാർത്തകളുടെ ലോകത്ത് ഇടംപിടിക്കുകയാണ് ഒരു ഏഴു വയസുകാരൻ. വാർത്താ റിപ്പോർട്ടിംഗിനെപ്പറ്റിയുളള സ്‌പൂഫ് വീഡിയോകളിലൂടെയാണ് ഈ കൊച്ചുമിടുക്കൻ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. വാർത്തയുടെ ഏത് ഭാഗവും മനപാഠമാക്കി കൊണ്ടുളള കോയമ്പത്തൂർ സ്വദേശിയായ റിതുവിന്‍റെ വാർത്താ റിപ്പോർട്ടിംഗ് ഇതിനോടകം വൈറലായി കഴിഞ്ഞു.
ലോക്ക്ഡൗൺ കാലത്ത് ഒരു ദിവസത്തിൽ ഏറിയ പങ്കും മൊബൈൽഫോൺ വഴി വാർത്ത കാണാനാണ് റിതു സമയം ചെലവിട്ടത്. മകനു വേണ്ടി അച്ഛനാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പദ്ധതിയിട്ടത്. എന്നാൽ വാർത്താറിപ്പോർട്ടിംഗിനെപ്പറ്റിയുളള ചെറിയ സ്‌കിറ്റുകൾ അപ്‌ലോഡ് ചെയ്യാം എന്നുളളത് മകന്‍റെ ആശയമായിരുന്നു.
ഇതോടെ വാർത്താ അവതാരകനായും റിപ്പോർട്ടറായും വോയിസ് ഓവർ ആർട്ടിസ്റ്റുമായെല്ലാം റിതുവിന്‍റെ വീഡിയോകൾ എത്താൻ തുടങ്ങി. റിതുവിനെ അഭിനന്ദിച്ച് തമിഴ്‌നാട്ടിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകരടക്കം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഭാഷയിലെ ഉച്ചാരണശുദ്ധിയാണ് ഇവരെല്ലാം എടുത്തുപറയുന്ന കാര്യം. ഒട്ടുമിക്ക വീഡിയോകളും ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
81,000 സബ്‌സ്‌ക്രൈബേഴ്‌സാണ് റിതുവിന്‍റെ ചാനലിന്‍റെ സ്ഥിരം കാഴ്‌ചക്കാർ. ജനപ്രതീയിൽ സന്തോഷിക്കുന്നുോണ്ടെയന്നും മാദ്ധ്യമപ്രവർത്തകനാകാൻ താത്പര്യമുണ്ടോയെന്നും ചോദിച്ചാൽ റിതു ആകെ കൺഫ്യൂഷനിലാകും. ശാസ്‌ത്ര വിഷയങ്ങളിൽ താത്പര്യം കാട്ടുന്ന റിതുവിന് ഒരു ശാസ്‌ത്രജ്ഞൻ ആയി തീരാനാണ് താത്പര്യം.
യൂട്യൂബ് വഴി മകൻ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നാണ് റിതുവിന്‍റെ അമ്മ ആശ പറയുന്നത്. അച്ഛൻ ജ്യോതി രാജാകാട്ടെ മകന്‍റെ നേട്ടത്തിൽ അതീവ സന്തോഷവാനാണ്. മിടുക്കനായ മകനെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.