ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അധിർ രഞ്ജൻ ചൗധരിയെ മാറ്റിയേക്കില്ലെന്ന് സൂചന. അധിർ രഞ്ജൻ ചൗധരിക്ക് പകരം ശശി തരൂരോ മനീഷ് തിവാരിയോ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായിരുന്നു. ഇതിനിടെയാണ് അധിർ രഞ്ജനെ മാറ്റില്ലെന്ന വാർത്തകൾ പുറത്തുവരുന്നത്.
അധിർ രഞ്ജനെ ഇപ്പോൾ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോൺഗ്രസ് പാർലമെൻന്‍ററി നയരൂപീകരണ സമിതി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ വാദിച്ചു. തൃണമൂൽ കോൺഗ്രസുമായുള്ള സഹകരണത്തിന് അധിർ രഞ്ജനെ ഒഴിവാക്കിയാൽ ബംഗാളിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഇക്കാര്യത്തിൽ നിന്ന് ഹൈക്കമാൻഡ് പിൻവലിയുന്നതെന്നാണ് വിവരം.
വിലക്കയറ്റം, ഇന്ധന വിലവർദ്ധന, കാർഷിക നിയമങ്ങളടക്കമുള്ള വിഷയങ്ങൾ വർഷകാലസമ്മേളനത്തിൽ ഉന്നയിക്കാൻ നയരൂപീരണ സമിതി തീരുമാനിച്ചു. യോഗം ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം താൻ ഏറ്റെടുക്കില്ലെന്ന് നേരത്തെ തന്നെ രാഹുൽഗാന്ധി വ്യക്തമാക്കിയിരുന്നു.