തിരുവനന്തപുരം: നാളെ മുതൽ പെരുനാൾ വരെയുളള ദിവസങ്ങളിൽ സർക്കാർ അനുമതിയില്ലെങ്കിലും കടകൾ തുറക്കാനുളള തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറി. വെളളിയാഴ്‌ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ചർച്ച നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി.നസിറുദ്ദീൻ അറിയിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും തന്നെ നേരിട്ട് വിളിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
വെളളിയാഴ്‌ച ചർച്ച നടക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ തീരുമാനമെന്ന് ടി.നസീറുദ്ദീൻ അറിയിച്ചു. നീക്കുപോക്കുകൾക്ക് തയ്യാറാണെന്നും വരും ദിവസങ്ങളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറിയേറ്റ് ഓൺലൈനായി ചേർന്ന് നടപടിക്ക് അംഗീകാരം നൽകി.
ഇന്ന് ഉച്ചയ്‌ക്ക് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ കോഴിക്കോട് യോഗം ചേർന്നപ്പോഴും കട തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ വ്യാപാരികൾ തയ്യാറായിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് തീരുമാനം അവർ മാറ്റിയത്. കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ ബിജെപിയും കോൺഗ്രസും ഉൾപ്പടെ പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനവും ഉന്നയിച്ചിരുന്നു.